‘കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്’; രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും കമ്മീഷൻ കർശന നിർദേശം നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് കമ്മീഷൻ ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതിനോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ കൈകളിൽ പിടിക്കുക, സ്ഥാനാർഥികളോ രാഷ്ട്രീയ നേതാക്കളോ കുട്ടികളെ എടുക്കുക, കുട്ടികളെ പ്രചാരണ വാഹനത്തിൽ കയറ്റുക, തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുപ്പിക്കുക തുടങ്ങിയവയൊന്നും ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കവിതകൾ,പാട്ടുകൾ,പ്രസംഗം,രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം,പോസ്റ്റർ പതിപ്പിക്കൽ, ലഘുലേഖ വിതരണം എന്നിവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താനും പാടില്ല.

എന്നാൽ കുട്ടി അവരുടെ രക്ഷിതാവിന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയ നേതാവിനൊപ്പം കാണുകയും, രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു തരത്തിലും ഇടപെടുകയോ ചെയ്യുന്നില്ലെങ്കിൽ മാർഗനിർദേശങ്ങളുടെ ലംഘനമായി കണക്കാക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments