മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എംഎൽഎമാരുടെയും ഡൽഹിയിലെ ചെലവുകൾക്ക് 3.75 ലക്ഷം വേണമെന്ന് കേരള ഹൗസ്; പണം അനുവദിച്ച് ബാലഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എങ്ങോട്ട് തിരിഞ്ഞാലും പോയാലും ഖജനാവ് ചോരും. നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം ചുറ്റി കറങ്ങിയപ്പോൾ 35 ലക്ഷം രൂപയാണ് യാത്രപ്പടി ഇനത്തിൽ എഴുതിയെടുത്തത്.
കേന്ദ്ര അവഗണനക്കെതിരെ 8 ആം തീയതി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമ്മേളനത്തിനും കുറെ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചെലവാകും എന്ന് ഉറപ്പാണ്. ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമെന്ന് കേട്ടതോടെ 3.75 ലക്ഷം ഉടൻ തരണമെന്ന് കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ കത്ത് ധനമന്ത്രിക്ക് ലഭിച്ചു.
ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എം എൽ എ മാർക്കും താമസത്തിനും ഡൽഹിയിൽ എത്തി സഞ്ചരിക്കാനുമുള്ള ചെലവിന് 3.75 ലക്ഷം അധിക ഫണ്ടായി അനുവദിക്കണമെന്നാണ് റസിഡൻ്റ് കമ്മീഷണറുടെ കത്തിൽ ആവശ്യപ്പെട്ടത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഈ മാസം 3 ന് ധനമന്ത്രി 3 .75 ലക്ഷം അധിക ഫണ്ടായി അനുവദിച്ചു.
പരിപാടി കെങ്കേമം ആകണം എത്ര പണം വേണമെങ്കിലും തരാം എന്ന് മുഖ്യമന്ത്രി ഡൽഹിയിലെ സർക്കാരിൻ്റെ പ്രത്യേക പ്രതിനിധിയായ കെ.വി തോമസിന് ഉറപ്പ് കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എം.എൽ.എ മാരുടെ വിമാന ടിക്കറ്റ്, ഭക്ഷണം, മറ്റ് ചെലവുകൾക്ക് ഖജനാവിൽ നിന്ന് ഉടൻ പണം അനുവദിക്കും.
കേന്ദ്ര അവഗണനക്കെതിരെ സമരം എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നിട് അത് സമ്മേളനമാക്കി മാറ്റുകയായിരുന്നു. കെ.വി തോമസിൻ്റെ ഇടപെടലാണ് സമരത്തിൽ നിന്നു സമ്മേളനം എന്ന രീതിയിലേക്ക് മാറാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
മകൾ വീണ വിജയൻ്റെ മാസപ്പടി വിഷയത്തിലെ അന്വേഷണം കേന്ദ്രം മുറുക്കിയാൽ പണി കിട്ടുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് കേന്ദ്രത്തിന് എതിരെ സമരം നടത്തി പ്രകോപിപ്പിക്കേണ്ട എന്ന കെ.വി തോമസിൻ്റെ ഉപദേശം മുഖ്യമന്ത്രി സ്വീകരിച്ചതും. തലേ ദിവസം തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും എം എൽ എ മാരും ഡൽഹിയിൽ എത്തും. സമ്മേളന നടത്തിപ്പിൻ്റെ ചെലവ് 2 കോടി കവിയും എന്നാണ് ലഭിക്കുന്ന സൂചനകൾ.