‘ബൈജു സാറിനെ’ പുറത്താക്കാനുള്ള നീക്കം ഗൂഢാലോചന’; ജീവനക്കാർക്ക് വീണ്ടും കത്ത്

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ മാനേജ്‌മെന്റിനെതിരെ കമ്പനിയുടെ പ്രധാന നിക്ഷേപകർ വിമർശനമുന്നയിച്ചതിനു പിന്നാലെ ജീവനക്കാർക്ക് കത്തയച്ച് മാനേജ്‌മെന്റ്.

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യം മുതലെടുത്ത് നിക്ഷേപകർ കമ്പനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്നും സ്ഥാപകൻ ബൈജു രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമോട്ടർമാരെ കമ്പനിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു. കമ്പനി വെല്ലുവിളികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ പിന്തുണ നൽകുന്നതിനു പകരം മാധ്യമങ്ങളോട് നേരിട്ട് അഭിപ്രായപ്രകടനം നടത്തി കമ്പനിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് നിക്ഷേപകർ. എന്നാൽ കമ്പനിയുടെ ഏറ്റവും വലിയ പോരാളികളും ഏറ്റവും വലിയ നിക്ഷേപകരും പ്രമോട്ടർമാരാണെന്നും കത്തിൽ പറയുന്നു.
ഫെബ്രുവരി ഒന്നിനാണ് ബൈജൂസിന്റെ മുഖ്യ ഓഹരി ഉടമകളിൽ ചിലർ ചേർന്ന് അസാധാരണ പൊതുയോഗം വിളിക്കണമെന്നും (EGM) ബോർഡിൽ നിന്ന് ബൈജു രവീന്ദ്രൻ അടക്കമുള്ള പ്രമോട്ടർമാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ ഓഹരിയുടമകളുടെ എഗ്രിമെന്റ് പ്രകാരം സി.ഇ.ഒയെ മാറ്റുന്നതിനുള്ള അധികാരം അവർക്കില്ലെന്ന് തിങ്ക് ആൻഡ് ലേൺ വ്യക്തമാക്കി.

കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഈ ആഴ്ചയാദ്യം നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ബൈജൂസ് അവകാശ ഓഹരി വിൽപ്പനയിലൂടെ (റൈറ്റ്‌സ് ഇഷ്യു) 20 കോടി ഡോളർ (1,660 കോടി രൂപ) സമാഹരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിന് നിക്ഷേപകരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇഷ്യു ഓവർസബ്‌സ്‌ക്രൈബ്ഡ് ആയതായാണ് അറിയുന്നത്.
”റൈറ്റ്‌സ് ഇഷ്യു അവതരിപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലക്ഷ്യമിട്ടതിനേക്കാൾ 100 ശതമാനം അധികം അപേക്ഷകൾ ലഭിച്ചു. ആവശ്യത്തിന് വളർച്ചാ മൂലധനം ഉറപ്പാക്കാനും പ്രവർത്തന ബാധ്യതകൾ നേരിടാനും ഇതുവഴി സാധിക്കും.” കമ്പനി ജീവനക്കാർക്കയച്ച കത്തിൽ പറയുന്നു.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വീണ്ടും കാലതാമസം നേരിട്ടതായി വാർത്തകളുണ്ടായിരുന്നു. ഇതേ കുറിച്ചും കമ്പനി കത്തിൽ പരമർശിച്ചിട്ടുണ്ട്.”നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത പ്രശ്‌നങ്ങൾ മൂലം ജീവനക്കാർക്ക് ശമ്പളം നൽകാനായിട്ടില്ല. ഫെബ്രുവരി അഞ്ചിനുള്ളിൽ ഘട്ടംഘട്ടമായി ഇത് പൂർത്തിയാക്കും. കഴിഞ്ഞ കുറെ മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത ‘ബൈജു സാർ’ സ്വന്തം ചുമലിലേറ്റിയിരിക്കുകയാണ്. ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താൻ സ്വന്തം വീട് പോലും പണയപ്പെടുത്തിയിരുന്നു. ഈ മാസവും സ്ഥിതി വ്യത്യസ്തമാകില്ല”. മാനേജ്‌മെന്റയച്ച കത്തിൽ പറയുന്നു.

എന്നാൽ ഇതിനിടെ കമ്പനിയുടെ പ്രതിസന്ധിയ്ക്ക് കൂടുതൽ തിരിച്ചടനൽകി കൊണ്ട് മറ്റ് ചില കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ബൈജൂസിന്റെ യു.എസ് കമ്പനിയായ ആൽഫ പാപ്പരത്ത ഹർജിയുമായി യു.എസ് കോടതിയിൽ എത്തിയത് ഈ ആഴ്ചയാദ്യമാണ്. കൂടാതെ വായ്പാ തിരിച്ചടവിൽ വീഴ്ചവന്നതോടെ ബൈജൂസിനെ പാപ്പരത്ത നടപടികൾക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് വായ്പാദാതാക്കൾ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുമുണ്ട്. 120 കോടി ഡോളറാണ് (ഏകദേശം 9,800 കോടി രൂപ) ബൈജൂസ് വിദേശ വായ്പാദാതാക്കളിൽ നിന്ന് കടമെടുത്തിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments