കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് കൈമാറി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ്. മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് മനസിലാക്കുന്നതെന്നും പെൻഷൻ സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടാഴ്ച മുമ്പാണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് തൂങ്ങിമരിച്ചത്.
ഡിസംബർ 23 നാണ് അയൽവാസികൾ ഭിന്നശേഷിക്കാരനായ ജോസഫിനെ വീട്ടുവരാന്തയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ജോസഫിന്റെ കുടുംബം മൂന്ന് പെൺമക്കളടങ്ങുന്നതാണ്. ഇതിൽ ഒരാൾ ഭിന്നശേഷിക്കാരിയും കിടപ്പു രോഗിയുമാണ്.