തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസമൊന്നും ആരിഫ് മുഹമ്മദ് ഖാന് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന നിർബന്ധത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യപ്പെടുന്ന ചെലവുകള്‍ അപ്പോള്‍ തന്നെ അനുവദിക്കുകയാണ് കെ.എൻ. ബാലഗോപാല്‍. ആർഎസ്എസിന്റെ നിലപാടാണ് ആരിഫ് മുഹമ്മദ് ഖാന് എന്ന് പറയുന്ന പിണറായി തന്നെ ഗവർണർക്ക് ഒരു ബുദ്ധിമുട്ടും പാടില്ലെന്ന നിർബന്ധത്തിലാണ്.
ഇപ്പോള്‍, ഗവർണർക്ക് വീണ്ടും കോടികൾ അനുവദിച്ചിരിക്കുകയാണ് പിണറായി. ജനുവരി 20, 21, 23 തീയതികളിലായി 1,25,92,000 രൂപയാണ് സംസ്ഥാന ഖജനാവിൽ നിന്ന് അധിക ഫണ്ടായി ഗവർണർക്ക് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ രാജ്ഭവൻ ആവശ്യപ്പെട്ട എല്ലാ ഫണ്ടുകളും പിണറായി അനുവദിച്ച് നൽകി എന്നതാണ് ശ്രദ്ധേയം.
ഗവർണറുടെയും പരിവാരങ്ങളുടെയും യാത്രപ്പടിക്ക് മാത്രം ജനുവരി 20 ന് അനുവദിച്ചത് 62.94 ലക്ഷം രൂപയാണ്. റിപബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാൻ ജനുവരി 21 ന് ഗവർണർക്ക് അനുവദിച്ചത് 20 ലക്ഷം രൂപയാണ്. വാട്ടർ ചാർജ്, ഇലക്ട്രിസിറ്റി, ടെലിഫോൺ, മറ്റ് ചെലവുകൾക്കായി ജനുവരി 23 ന് ഗവർണർക്ക് അനുവദിച്ചത് 42.98 ലക്ഷം. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചത്. 1 ലക്ഷം രൂപയുടെ മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ട് 3 മാസമായി.
ധനവകുപ്പിൻ്റെ പ്രത്യേകാനുമതി ഇല്ലാതെ ഒരു ബില്ലുപോലും ട്രഷറിയിൽ പാസാകുന്നില്ല. 1500 കോടിയുടെ ഓവർഡ്രാഫ്റ്റിലായതോടെ 1000 രൂപ പോലും ട്രഷറിയിൽ നിന്ന് മാറുന്നില്ല. 12.52 കോടി രൂപയാണ് ഗവർണർക്ക് ബജറ്റ് വിഹിതമായി വകയിരുത്തിയിരിക്കുന്നത്. ബജറ്റ് തുക തോന്നിയതുപോലെ ചെലവാക്കുകയാണ് രാജ്ഭവൻ. അധിക ഫണ്ട് ആവശ്യപ്പെട്ടാൽ പിണറായി തരുമെന്ന് ഗവർണർക്ക് അറിയാം.
ചാനലുകളുടെയും മൈക്കിൻ്റെയും മുന്നിൽ മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ എന്നൊക്കെ മുഖ്യമന്ത്രി അലറുമെങ്കിലും ഗവർണർ പണം ചോദിച്ചാൽ തലകുനിച്ച് ഒപ്പിട്ട് കൊടുക്കുന്ന ശൈലിയാണ് പിണറായിയുടേത്. ഗവർണർ മുഖ്യമന്ത്രി പോര് രൂക്ഷം,എസ് എഫ് ഐ ഗവർണറെ തടഞ്ഞു ഇതൊക്കെ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ നാടകം മാത്രം .
സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ ഗവർണർ ഷോ തുടങ്ങും, പിണറായിയുടെ ഷോയും കഴിയുമ്പോൾ ആർഷോയും സംഘവും ഇറങ്ങും. ഇതെല്ലാം പതിവ് ചവിട്ട് നാടകങ്ങൾ മാത്രം. 5 മാസത്ത ക്ഷേമ പെൻഷൻ പോലും കുടിശിക ആയ സംസ്ഥാനത്ത് 3 ദിവസം കൊണ്ട് 1.25 കോടിയുടെ അധിക ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ട ഗവർണറും പണം ഉടൻ നൽകിയ പിണറായിയും ജനങ്ങളെ പരിഹസിക്കുകയാണെന്ന് പറയാതെ വയ്യ.
നാളെ നയപ്രഖ്യാപനത്തിന് ഗവർണർ എത്തും. ഇഷ്ടപ്പെടാത്ത ഏതെങ്കിലും ഭാഗം വായിക്കാതിരിക്കും. ഗവർണർ മുഖ്യമന്ത്രി പോര് രൂക്ഷം എന്ന തലക്കെട്ടോടെ മാധ്യമങ്ങൾ അത് ആഘോഷിക്കും. പിറ്റേ ദിവസം, ജനുവരി 26 ലെ രാജ്ഭവൻ വിരുന്നിൽ മുഖ്യമന്ത്രിയും ഭാര്യ കമലയും പങ്കെടുക്കുന്നതോടെ എല്ലാം ശുഭം. നാടകമേ ഉലകം !!