
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ നാടിനെ നടുക്കിയ ദാരുണ സംഭവത്തിൽ വയോധിക മരിച്ചു. പയ്യമ്പള്ളി പൂവ്വത്തിങ്കൽ വീട്ടിൽ മേരി (67) ആണ് മരിച്ചത്. സ്വന്തം കൈകാലുകൾ വെട്ടിമുറിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ മേരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകി.
ഇന്ന് രാവിലെ 7:45-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ മുൻവശത്തെയും പിന്നിലെയും വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സംശയം തോന്നി അയൽവാസികളുടെ സഹായത്തോടെ വീടിന്റെ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. ഈ സമയത്താണ് ഇടത് കയ്യും കാലും വെട്ടിമാറ്റിയ നിലയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന മേരിയെ കണ്ടെത്തിയത്.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് മേരിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.