Kerala Government NewsNews

ജി എസ് ടി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക്, പത്ത് ശതമാനത്തോളം വില കുറയും; എതിർത്ത് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജി.എസ്.ടി. പരിഷ്കരണത്തിനെതിരെ ശക്തമായ നിലപാടുമായി കേരളം. പുതിയ പരിഷ്കരണം നടപ്പായാൽ സംസ്ഥാനത്തിന് പ്രതിവർഷം 8000 കോടി മുതൽ 9000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. നികുതി വരുമാനത്തിൽ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഒരു പഠനവും നടത്താതെയാണ് കേന്ദ്ര സർക്കാർ ഈ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​നികുതി നിരക്കുകൾ കുറയ്ക്കുന്നതിനെതിരെയുള്ള ധനമന്ത്രിയുടെ നിലപാട് ജനങ്ങൾക്ക് ലാഭകരമാകുന്ന പരിഷ്കരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വിമർശനം ഉയരുന്നുണ്ട്. 2017-ൽ ജി.എസ്.ടി. നടപ്പിലാക്കിയപ്പോൾ 28 ശതമാനം നികുതിയെ “ഗബ്ബർ സിംഗ് ടാക്സ്” എന്ന് വിമർശിച്ച രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് കേന്ദ്രം ഇപ്പോൾ പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. പരമാവധി നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതാണ് ധനമന്ത്രി ബാലഗോപാലിനെ അസ്വസ്ഥനാക്കിയത്.

​ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ വലിയൊരു ഭാഗവും നിലവിൽ 18%, 28% നിരക്കുകളിലാണ്. ഓട്ടോമൊബൈൽ മേഖലയിൽ നിലവിലുള്ള 28% നികുതി 18% ആയി കുറയ്ക്കുമ്പോൾ പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി. ഒഴിവാക്കുമ്പോൾ മാത്രം 500 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് സംഭവിക്കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

​2017-ൽ ജി.എസ്.ടി. നടപ്പിലാക്കിയപ്പോൾ അതിനെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്തത് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ആയിരുന്നു. 30 ശതമാനം നികുതി വളർച്ചയുണ്ടാകുമെന്നായിരുന്നു അന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ, ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാകേണ്ട പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഐസക്കിനും പിൻഗാമി ബാലഗോപാലിനും സാധിക്കാതെ പോയതാണ് പ്രതീക്ഷിച്ച 30 ശതമാനം വളർച്ച 10 ശതമാനത്തിൽ താഴെയായി കുറയാൻ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

​പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ ജി.എസ്.ടി. പരിഷ്കരണത്തിന്റെ പ്രധാന നേട്ടം പൊതുജനത്തിനാണ്. പരമാവധി നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയുമ്പോൾ 10 ശതമാനം ലാഭം നേരിട്ട് ജനങ്ങൾക്ക് ലഭിക്കും. എന്നാൽ, ഈ നീക്കം സംസ്ഥാന സർക്കാരിന് വരുമാന നഷ്ടം ഉണ്ടാക്കും. ജി.എസ്.ടി. നിരക്ക് പരിഷ്കരണ ഉപസമിതിയിലെ അംഗം കൂടിയായ കെ.എൻ. ബാലഗോപാൽ, ജനങ്ങൾക്ക് ഗുണകരമാകുന്ന ഈ നീക്കത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും വിമർശനമുയരുന്നു.