
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സിപിഎമ്മിനും ഇടതുപക്ഷത്തിനും തിരിച്ചടിയായി. ഷാഫി പറമ്പിൽ രാഷ്ട്രീയമായി ഈ സാഹചര്യം മുതലെടുത്ത് മുന്നേറിയെന്നാണ് റിപ്പോർട്ടുകൾ. നന്നായി മുന്നോട്ടുപോയിരുന്ന ഒരു കളി തെറ്റായ പാസ് കൊണ്ട് എതിരാളിക്ക് ഗോളടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തതുപോലെയായി ഡിവൈഎഫ്ഐയുടെ ഈ നീക്കം.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ ഷാഫി പറമ്പിലിനെതിരെ ചോദ്യമുനയാക്കി മാറ്റാനുള്ള നീക്കം ഇതോടെ ദുർബലമായി. വടകര ലോക്സഭാ മണ്ഡലത്തിൽ ഷാഫിയോടു നേരിട്ട കനത്ത തോൽവിയുടെ നിരാശ സിപിഎമ്മിനെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനു ശേഷം ഷാഫിയെ രാഷ്ട്രീയമായി ആക്രമിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്ന നിലപാടിലാണ് പാർട്ടി. ഷാഫി പുറത്തുനിന്നു വന്ന എംപിയാണെന്നും മണ്ഡലവുമായി വൈകാരിക ബന്ധമില്ലെന്നുമുള്ള പ്രചാരണങ്ങളും പാർട്ടി നടത്തിയിരുന്നു.
അതുപോലെ, എംപിയുടെ സാന്നിധ്യം, വികസന പ്രവർത്തനങ്ങളിലെ ഇടപെടൽ, എംപി ഫണ്ട് വിനിയോഗം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ചു ജനമധ്യത്തിൽ ചർച്ചയാക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ദേശീയപാത നിർമാണ പുരോഗതി സംബന്ധിച്ച യോഗത്തിൽ ഷാഫി പങ്കെടുത്തതിനെ ‘ഷോ വർക്ക്’ എന്നു ഡിവൈഎഫ്ഐ വിമർശിച്ചിരുന്നു. രാഹുലിന്റെ ക്രൈം പാർട്ണറാക്കി ഷാഫി പറമ്പിലിനെതിരെ വലിയ പ്രചാരണം നടത്തിവരുന്നതിനിടെയാണ് ഡിവൈഎഫ്ഐയുടെ വഴിതടയൽ പ്രതിഷേധം വടകരയിൽ തിരിച്ചടിയായത്.
പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അതേ നാണയത്തിൽ നേരിട്ട ഷാഫി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ‘വടകര അങ്ങാടിയിൽ നിന്ന് പേടിപ്പിച്ച് ഓടിക്കാൻ ശ്രമിച്ചാൽ ഓടാൻ ഉദ്ദേശിക്കുന്നില്ല’ എന്ന ഷാഫിയുടെ പഞ്ച് ഡയലോഗിന് വലിയ സ്വീകാര്യത ലഭിച്ചു. ഇതോടെ, പാർട്ടിക്കുള്ളിൽ മുറുമുറുപ്പ് കാണിച്ചിരുന്ന ചില മുതിർന്ന നേതാക്കൾപോലും ഷാഫിക്കൊപ്പം നിന്നു. വടകരയിലെ സംഭവത്തിനു പിന്നാലെ ഷാഫി പങ്കെടുത്ത രണ്ട് പാർട്ടി പരിപാടികളിൽ വൻ ജനക്കൂട്ടം എത്തി. സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ്, യുഡിഎഫ് നേതൃത്വവും ഷാഫിക്കു പിന്തുണയുമായി രംഗത്തെത്തി.