
News
താമരശ്ശേരി ചുരം പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രിക്ക് കത്തയച്ചു
താമരശ്ശേരി ചുരത്തിലെ ഗതാഗത പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി. തുടർച്ചയായ മണ്ണിടിച്ചിലുകളും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ:
- ചുരത്തിലെ പാത ഗതാഗത യോഗ്യമാക്കണം.
- സ്ഥിരമായുണ്ടാകുന്ന മണ്ണിടിച്ചിൽ തടയാൻ ശാസ്ത്രീയമായ പരിഹാരം കാണണം.
- സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതിയെ ഉടൻ അയക്കണം.
- ചുരത്തിന് ബദലായുള്ള പാതയുടെ നിർമ്മാണത്തിന് വേഗത കൂട്ടണം.
അതേസമയം, ചുരത്തിലെ വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഈ നടപടി. ആംബുലൻസ്, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അത്യാവശ്യ സേവന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. ഗതാഗത നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.