
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരായ ലൈംഗിക ആരോപണത്തിൽ സി.പി.എം-ബി.ജെ.പി അന്തർധാരയെന്ന് ആരോപിച്ച് കോൺഗ്രസ്. ഇരകൾ നേരിട്ട് പരാതി നൽകിയിട്ടില്ലാഞ്ഞിട്ടും കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തപ്പോൾ, കൃഷ്ണകുമാറിൻ്റെ കാര്യത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ബി.ജെ.പി നേതാവിനെ സർക്കാർ ഒത്താശയോടെ പോലീസും രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സി.പി.എം പോഷക സംഘടനകളുടെ മൗനവും കോൺഗ്രസ് ചോദ്യം ചെയ്യുന്നു. കൃഷ്ണകുമാറിനെ വഴിതടയാനോ പ്രതിഷേധിക്കാനോ ഇവർ തയ്യാറാവാത്തതിനു പിന്നിലും സി.പി.എം-ബി.ജെ.പി അന്തർധാര സജീവമാണെന്ന ആരോപണം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷ്ണകുമാറിൻ്റെ വിഷയം പരാമർശിക്കാതിരുന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയപരമായ ഈ ധാരണയ്ക്ക് കൂടുതൽ ഉദാഹരണങ്ങൾ കോൺഗ്രസ് നേതാക്കൾ നിരത്തുന്നുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് കോടതി വിധി വന്നപ്പോഴും ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഒരു പ്രതികരണവുമുണ്ടായില്ല. അതുപോലെ, സി.പി.എം നേതാക്കൾക്കെതിരെയുള്ള ലൈംഗികാരോപണങ്ങളിലും ബി.ജെ.പി മൗനം പാലിക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നു. പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാതെയും, പ്രധാനപ്പെട്ട വിഷയങ്ങളിൽ മൗനം പാലിച്ചും ഒത്തുതീർപ്പ് രാഷ്ട്രിയം പയറ്റുകയാണ് സി പി എമ്മും ബി.ജെ.പിയും.