News

മഴ കനക്കുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, താമരശ്ശേരി ചുരം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നൽകിയത്. മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഴ കനത്തതോടെ പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗതക്കുരുക്കിന് കാരണമായി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരം വീണ്ടും അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിലുണ്ടായ അതേ പ്രദേശത്താണ് ഇന്ന് വീണ്ടും കല്ലും മണ്ണും വീണത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.

ചുരം അടച്ചതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്ത് നിന്ന് കുറ്റ്യാടി വഴി പോകണമെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്നവർ നാടുകാണി ചുരം വഴി തിരിഞ്ഞുപോകണമെന്നാണ് നിർദേശം.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ഭാഗത്തും താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷാ മുൻകരുതലുകൾ എടുക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾക്കായി ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും പകൽ സമയത്ത് തന്നെ അവിടേക്ക് മാറുകയും ചെയ്യണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.