
യൂത്ത് കോൺഗ്രസുകാർക്ക് വധശ്രമം, ഡി.വൈ.എഫ്.ഐക്കാർക്ക് സ്റ്റേഷൻ ജാമ്യം; പൊലീസിന്റെ ഇരട്ടത്താപ്പിനെതിരെ വി.ഡി. സതീശൻ
തിരുവനന്തപുരം: ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത സർക്കാർ നടപടി പക്ഷപാതപരവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസെടുത്തും ജയിലിലടച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും ഗുരുതര വകുപ്പുകൾ ചുമത്തുകയും ചെയ്ത അതേ പോലീസും സർക്കാരുമാണ് ഡിവൈഎഫ്ഐ-സംഘ്പരിവാർ ക്രിമിനലുകളോട് മൃദുസമീപനം സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇതിനായി അദ്ദേഹം വിവിധ സംഭവങ്ങൾ ചൂണ്ടിക്കാട്ടി:
- വടകര എം.പി. ഷാഫി പറമ്പിലിനെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡിവൈഎഫ്ഐ ക്രിമിനലുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
- വടകരയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഫിലിനെ മർദ്ദിച്ചവർക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചില്ല.
- പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങൾക്കെതിരെ ഒരു കേസ് പോലും എടുത്തില്ല.
- പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നിൽ സമരം നടത്തിയ സംഘ്പരിവാർ ക്രിമിനലുകളെ പിണറായി വിജയനും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മോദിയെയും ബിജെപി നേതൃത്വത്തെയും ഭയക്കുന്ന പിണറായി വിജയൻ, അധികാരത്തിൻ്റെ ഹുങ്കിൽ പോലീസിനെ ഉപയോഗിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയുള്ള പോരാട്ടം കോൺഗ്രസും യുഡിഎഫും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.