
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പിന്നിൽ ദീർഘകാലമായുള്ള രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന് വിലയിരുത്തൽ. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് കാരണമായതും, ഒടുവിൽ വടകരയിൽ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ അട്ടിമറിച്ചതും ഷാഫി പറമ്പിലിനോടുള്ള ഇടത് പക്ഷത്തിന്റെ രാഷ്ട്രീയമായ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാലക്കാട്: ഇടത് കോട്ടയിലെ കനത്ത പ്രഹരം
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഷാഫി പറമ്പിൽ പാലക്കാട് മണ്ഡലത്തിൽ ഇടത് പക്ഷത്തിന് ആദ്യത്തെ തിരിച്ചടി നൽകുന്നത്. അന്ന് സിറ്റിങ് എംഎൽഎയും സിപിഎം നേതാവുമായ കെ.കെ. ദിവാകരനെയാണ് 27-കാരനായ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പരാജയപ്പെടുത്തിയത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന ദിവാകരൻ 7403 വോട്ടുകൾക്കാണ് അന്ന് പരാജയപ്പെട്ടത്.
2016-ൽ ഇത് ഒരു ത്രികോണ പോരാട്ടമായി മാറി. നാല് തവണ ലോക്‌സഭാ അംഗമായിരുന്ന എൻ.എൻ. കൃഷ്ണദാസിനെ നിയോഗിച്ചാണ് സിപിഎം മണ്ഡലം തിരികെ പിടിക്കാൻ ശ്രമിച്ചത്. അന്ന് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനും രംഗത്തുണ്ടായിരുന്നു. ഇടത് അനുകൂല തരംഗം ഉണ്ടായിട്ടും ഷാഫി പറമ്പിൽ തന്റെ വിജയം ആവർത്തിച്ചു. 17,483 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ, നാല് തവണ എംപി ആയ സിപിഎം സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. മെട്രോമാൻ ഇ. ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മണ്ഡലം ബിജെപി പിടിക്കുമെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. കടുത്ത പോരാട്ടം നടന്ന ഈ തിരഞ്ഞെടുപ്പിൽ പോലും ഷാഫി പറമ്പിൽ വിജയിച്ചു. വെറും 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമാണ് ജയിച്ചതെങ്കിലും, സിപിഎമ്മിന്റെ സിപി പ്രമോദ് അന്നും മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു.
വടകരയിലെ ഞെട്ടിക്കുന്ന വിജയം
നിയമസഭയിൽ ഇടത് പക്ഷത്തിന് നിരന്തരം വെല്ലുവിളിയായിരുന്ന ഷാഫി പറമ്പിൽ, 2024-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ അവസരം ലഭിച്ചപ്പോൾ സിപിഎമ്മിന്റെ എക്കാലത്തെയും വലിയ വെല്ലുവിളിയായി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച കെ.കെ. ശൈലജയെ 1,14,506 വോട്ടിനാണ് ഷാഫി പരാജയപ്പെടുത്തിയത്. ഈ വിജയം സിപിഎമ്മിന് വലിയ തിരിച്ചടിയും, രാഷ്ട്രീയമായ നാണക്കേടുമായി ഇടത് പക്ഷം വിലയിരുത്തിയിരുന്നു.
തുടർച്ചയായി നിയമസഭയിലും പിന്നീട് ലോക്സഭയിലും ഇടത് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ ഷാഫി പറമ്പിലിന്റെ ജനകീയതയെയും യുവജനങ്ങളിലുള്ള അദ്ദേഹത്തിന്റെ സ്വാധീനത്തെയും ഇടത് പക്ഷം രാഷ്ട്രീയമായി ഭയക്കുന്നുണ്ട് എന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മതേതര നിലപാടുകൾ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രചാരണങ്ങൾ മുൻ തിരഞ്ഞെടുപ്പുകളിൽ കണ്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലടക്കം ഷാഫി പറമ്പിലിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് ഈ രാഷ്ട്രീയ പശ്ചാത്തലം ഒരു പ്രധാന കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്ത നേതാവിനെതിരെ സമൂഹമാധ്യമങ്ങളെ ഇടത് ഹാൻഡിലുകൾ ഉപയോഗിക്കുന്നുണ്ടെന്നും ആരോപണങ്ങളുണ്ട്.