
കൊച്ചി: ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിൽ പുതിയ നാഴികക്കല്ല്. മെട്രോ പാതയുടെ ആദ്യ പിയർ ക്യാപ് സ്ഥാപിച്ചതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചു. പില്ലറുകളുടെ മുകളിൽ പിയർ ക്യാപുകൾ സ്ഥാപിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലെത്തും.
കളമശ്ശേരിയിലെ കാസ്റ്റിങ് യാർഡിൽ നിർമ്മിച്ച 80 ടൺ ഭാരമുള്ള പിയർ ക്യാപ് ഇൻഫോപാർക്ക് എക്സ്പ്രസ് വേയിലെ 281-ാം നമ്പർ പില്ലറിനു മുകളിലാണ് സ്ഥാപിച്ചത്. ഇതിനായി ഹെവി ഡ്യൂട്ടി ക്രെയിൻ ഉപയോഗിച്ചു. വരും ദിവസങ്ങളിൽ 284-ാം നമ്പർ പില്ലർ വരെ പിയർ ക്യാപുകൾ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ഈ ഭാഗത്തുള്ള ഗതാഗതം രാത്രിയിൽ നിയന്ത്രിക്കും.
എസ്ഇസെഡ്, അരീച്ചുവട്, വാഴക്കാല എന്നീ നിർദിഷ്ട സ്റ്റേഷനുകൾക്ക് സമീപം ഇതുവരെ 22 പില്ലറുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മെട്രോ പാതയ്ക്കായി 670 പൈലുകളും സ്റ്റേഷനുകൾക്കായി 228 പൈലുകളുമടക്കം 898 പൈലുകളുടെ നിർമ്മാണവും പൂർത്തിയായി. യു-ഗിർഡറുകൾ, ഐ-ഗിർഡറുകൾ, പിയർ ക്യാപുകൾ എന്നിവയുടെ നിർമ്മാണവും കാസ്റ്റിങ് യാർഡിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ 64 യു-ഗിർഡറുകളും 30 ഐ-ഗിർഡറുകളും 56 പിയർ ക്യാപുകളും നിർമ്മിച്ചു.
ഏകദേശം 1,957.05 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട പിങ്ക് ലൈൻ പദ്ധതിക്ക് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) 914 കോടി രൂപ സാമ്പത്തിക സഹായം നൽകും. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പദ്ധതിയുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 2024 സെപ്റ്റംബറിലാണ് പാതയുടെയും സ്റ്റേഷനുകളുടെയും പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരമധ്യത്തിൽ നിന്ന് കാക്കനാടേക്കുള്ള യാത്രാമാർഗത്തിൽ നിർമ്മാണം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വേഗത്തിൽ പണി പൂർത്തിയാക്കണമെന്ന് പൊതുജനങ്ങൾക്ക് ആവശ്യമുണ്ട്.