
ന്യൂഡൽഹി: പനി, തലവേദന തുടങ്ങിയ രോഗങ്ങൾക്ക് ആന്റിബയോട്ടിക്കിനൊപ്പം വേദനസംഹാരികൾ കഴിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ്. പാരസെറ്റമോൾ, ഇബുപ്രൊഫെൻ തുടങ്ങിയ വേദനസംഹാരികൾ ആന്റിബയോട്ടിക്കിനൊപ്പം ഉപയോഗിക്കുന്നത് അണുക്കൾക്ക് മരുന്നിനെ അതിജീവിക്കാനുള്ള ശക്തി വർധിപ്പിക്കുമെന്ന് ദക്ഷിണ ഓസ്ട്രേലിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നിർണായക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരുന്നുകൾ ഫലിക്കാതെ വരികയാണെങ്കിൽ, 2050 ആകുമ്പോഴേക്കും ബാക്ടീരിയകൾ കാരണം 3.9 കോടി പേരുടെ ജീവൻ നഷ്ടമാകുമെന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയത്.
മൂത്രനാളി അണുബാധ ചികിത്സയ്ക്കുള്ള സിപ്രോഫ്ലോക്സാസിൻ, വേദനസംഹാരികളായ ഇബുപ്രൊഫെൻ, പാരസെറ്റമോൾ എന്നിവ ഒരുമിച്ച് ഉപയോഗിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഒന്നിലധികം മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കുന്നത് ബാക്ടീരിയകളിൽ മാരകമായ വകഭേദങ്ങൾ ഉണ്ടാക്കുമെന്നും ഇത് ജീവന് ഭീഷണിയാകുമെന്നും ‘ആന്റിമൈക്രോബിയൽ ആൻഡ് റെസിസ്റ്റൻസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.