News

നാല് മാസം മുൻപ് വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥ ഇഷിതാ റോയിക്ക് വീണ്ടും നിയമനം നൽകി പിണറായി; ഭരണം മാറിയാൽ ഇഷിതാ ഉൾപ്പെടെ 50 ഓളം ഐ എ എസുകാരുടെ കസേര തെറിക്കും

തിരുവനന്തപുരം: വിരമിച്ച ഐ എ എസുകാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ടിക്കുന്ന പതിവ് കലാപരിപാടി തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ കൂടുന്നത് ഇതിന് വേണ്ടിയാണോ എന്ന് തോന്നും. ഒരു മാതിരി പെട്ട വിരമിച്ച ഐ എ എസുകാർക്കെല്ലാം പിണറായി താക്കോൽ സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.

ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ താക്കോൽ സ്ഥാനം ലഭിച്ചത് ഇഷിതാ റോയിക്കാണ്. 2025 മാർച്ചിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി വിരമിച്ച ഇഷിതാ റോയിയെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ) യുടെ ഡയറക്ടറായിട്ടാണ് നിയമിച്ചത്.

മന്ത്രിസഭയിൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൂടാതെ പങ്കെടുക്കുന്ന ഏക വ്യക്തിയാണ് ചീഫ് സെക്രട്ടറി. ഒരേ ബാച്ചുകാരാണ് ഇഷിതയും ചീഫ് സെക്രട്ടറി ജയതിലകും. ജയതിലകിൻ്റെ സാന്നിദ്ധ്യത്തിൽ ഇഷിതാ റോയിക്ക് വീണ്ടും നിയമനം ലഭിച്ചു എന്നതാണ് അപൂർവ്വത .

എബ്രഹാം മോഡൽ ശമ്പളം ആയിരിക്കും ഇഷിതക്കും ലഭിക്കുക. ഇഷിതയുടെ ഉത്തരവ് പുറത്ത് വരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ. പെൻഷനും ശമ്പളവും കൂടി ഒരുമിച്ച് വാങ്ങുന്നതിനെ എബ്രഹാം മോഡൽ എന്നാണ് പരിഹാസരൂപേണ അറിയപ്പെടുന്നത്.

60 വയസാണ് ഐ എ എസുകാരുടെ വിരമിക്കൽ പ്രായം. 70 കഴിഞ്ഞ ഐ എ എസുകാരും പിണറായി ഭരണത്തിൽ താക്കോൽ സ്ഥാനത്ത് ഇരിക്കുന്നുണ്ട്. സർക്കാരിൻ്റെ കാലാവധി കഴിയാൻ കേവലം 8 മാസം മാത്രം ആണ് ഉള്ളത്. ഭരണം മാറിയാൽ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന വിരമിച്ച ഐ എ എസുകാരുടെ കസേരകൾ ആടും. മുൻകാലങ്ങളിൽ ഭരണം മാറിയാലും അഭ്യാസികളായ ചിലർ കസേരകൾ സംരക്ഷിച്ച് എടുക്കുമായിരുന്നു. കോൺഗ്രസിലെ ചില മുൻനിര നേതാക്കൾ അവരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമായിരുന്നു. നേരേ വാ നേരേ പോ ശൈലിയിലുള്ള വി.ഡി. സതീശനെ പോലുള്ള നേതാക്കൻമാരാണ് ഇപ്പോൾ യു.ഡി എഫിൻ്റെ തലപ്പത്ത്. അതുകൊണ്ട് തന്നെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന വിരമിച്ച ഐ എ എസുകാർക്ക് ഭരണം പോയാൽ വീട്ടിലിരിക്കേണ്ടി വരും എന്ന കാര്യം കട്ടായം.