Kerala Government NewsNews

കവർന്നെടുത്തത് 25,530 രൂപ, ബോണസ് വർധന വെറും 500 രൂപയും! ഓഫിസ് അറ്റൻഡൻ്റിനെ പോലും കബളിപ്പിച്ച് ബോണസ് പ്രഖ്യാപനവുമായി കെ.എൻ. ബാലഗോപാൽ

ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഒരു സംഭവമാണ്. വെറും സംഭവമല്ല മഹാ സംഭവം! ജീവനക്കാർക്കും അധ്യാപകർക്കും ഉള്ള ഓണം ബോണസ് 500 രൂപയായി വർദ്ധിപ്പിച്ചുവെന്ന അവകാശവാദമാണ് കെ. എൻ. ബാലഗോപാൽ ഉന്നയിക്കുന്നത്. ഇതിൻ്റെ വാസ്തവം പരിശോധിക്കുകയാണ് മലയാളം മീഡിയ ലൈവ് .

ഓണം ബോണസ് ലഭിക്കുന്നത് ഓഫിസ് അറ്റൻഡൻ്റ് , എൽ.ഡി. ക്ലർക്ക് തുടങ്ങിയ തസ്തികയിൽ മാത്രമാണ്.​ അതും 37,129 രൂപയോ അതിൽ കുറവോ ആകെ വേതനമുള്ള ജീവനക്കാർക്ക് മാത്രമാണ് കഴിഞ്ഞ വർഷം 4,000 രൂപ ബോണസായി ലഭിച്ചത്. ഇതിൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,750 രൂപ പ്രത്യേക ഉത്സവബത്തയാണ് നൽകിയത്. ഇത്തവണ അത് 250 രൂപ വർദ്ധിപ്പിച്ച് 3000 രൂപ ആക്കിയിട്ടുണ്ട്. അധ്യാപകർക്കെല്ലാം ലഭിക്കുന്നത് പ്രത്യേക ഉത്സവ ബത്ത മാത്രം. ഓണം ബോണസ് ലഭിക്കുന്നത് നാമ മാത്ര ജീവനക്കാർക്ക് മാത്രം. ഇത് മറച്ച് വച്ചാണ് ബാലഗോപാലിൻ്റെ അഭ്യാസം.

ഇന്ന് ഇറങ്ങിയ ക്ഷാമബത്ത ഉത്തരവും ഓണം ബോണസും തമ്മിൽ താരതമ്യപ്പെടുത്തുന്നത് രസകരമാകും. 23000 രൂപ അടിസ്ഥാന ശമ്പളമുള്ള ഓഫിസ് അറ്റൻഡൻ്റിന് 2022 ജൂലൈ മുതൽ ലഭിക്കേണ്ട 37 മാസത്തെ ക്ഷാമബത്ത കുടിശിക ഇന്ന് രാവിലെ ഇറങ്ങിയ ഉത്തരവിൽ നിഷേധിച്ചു. 25, 530 രൂപയാണ് ഓഫിസ് അറ്റൻഡൻ്റിന് 37 മാസത്തെ ക്ഷാമബത്ത കുടിശികയായി ലഭിക്കേണ്ടത്. 25530 രൂപയും ബാലഗോപാൽ കവർന്നു. വൈകുന്നേരം ഓണം ബോണസ് പ്രഖ്യാപിച്ചിട്ട് ഇവർക്ക് 500 രൂപയുടെ വർധന ബാലഗോപാൽ ഓണം ബോണസിൽ വരുത്തി. 25,530 രൂപ കവർന്നിട്ട് 500 രൂപ കൂട്ടി കൊടുത്ത ധനമന്ത്രി ഒരു മഹാസംഭവം തന്നെ എന്ന് പറയാതിരിക്കാൻ ആവില്ല.