
കുടിശികയില്ല! ജീവനക്കാർക്കും പെൻഷൻകാർക്കും ബാലഗോപാൽ വക ” ഓണതേപ്പ് “, ക്ഷാമബത്ത ഉത്തരവ് ഇറങ്ങി
ക്ഷാമബത്തക്ക് കുടിശികയില്ല. ജീവനക്കാരേയും പെൻഷൻകാരേയും തേച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷാമബത്ത 3 ശതമാനം അനുവദിച്ച് കൊണ്ട് ധനവകുപ്പ് ഉത്തരവ് ഇന്ന് ഇറങ്ങി.
2022 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ടത്. എന്നാൽ ഉത്തരവിൽ ക്ഷാമബത്തയുടെ പ്രാബല്യം പറയുന്നില്ല. ഇതോടെ 2022 ജൂലൈ മുതൽ 2025 ജൂലൈ വരെയുള്ള 37 മാസത്തെ കുടിശിക ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടു.
2022 ജൂലൈ പ്രാബല്യത്തിലെ 3 ശതമാനം ക്ഷാമബത്ത അനുവദിച്ചത് ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ഓണസമ്മാനം എന്നാണ് കെ എൻ ബാലഗോപാൽ വിശേഷിപ്പിച്ചത്. 2022 ജൂലൈയിൽ ലഭിക്കേണ്ട ക്ഷാമബത്ത 2025 ൽ അനുവദിച്ചത് എങ്ങനെ ഓണ സമ്മാനം ആകുമെന്ന ചോദ്യവുമായി പ്രതിപക്ഷ സർവീസ് സംഘടനകൾ രംഗത്ത് വന്നു. കുടിശിക ഇല്ലാതെ ഉത്തരവ് ഇറങ്ങിയതോടെ ബാലഗോപാൽ വക ” ഓണതേപ്പ് ” ആണ് ഇതെന്ന വിമർശനമാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്.
കെ.എൻ. ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച 3 ഗഡു ക്ഷാമബത്തയ്ക്കും കുടിശിക അനുവദിച്ചിരുന്നില്ല. അതേ സമയം ഐ എ എസ് , ഐപിഎസ് അടക്കമുള്ള ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡിഷ്യൽ ഓഫീസർമാർക്കും പി.എസ് സി ചെയർമാനും അംഗങ്ങൾക്കും ക്ഷാമബത്ത അനുവദിക്കുമ്പോൾ ബാലഗോപാൽ കുടിശികയും അനുവദിക്കും. ഇവർക്ക് പണമായി കുടിശിക നൽകുന്ന രീതിയാണ് ബാലഗോപാലിൻ്റേത്. ക്ഷാമബത്ത കുടിശികയിൽ ഇരട്ട നീതിയാണ് ബാലഗോപാലിൻ്റേതെന്ന ആക്ഷേപം ഈ ഉത്തരവോടെ വീണ്ടും ശക്തമാകുകയാണ്. 37 മാസത്തെ കുടിശിക നഷ്ടപ്പെട്ടതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും വൻ നഷ്ടമാണ് ഉണ്ടാകുന്നത്.