കേസുകൾ തീർപ്പാക്കുന്നതിൽ മികവ് കാട്ടി ഹൈക്കോടതി; നേട്ടം മദ്രാസ് ഹൈക്കോടതിക്കൊപ്പം

കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ മികവ്കാട്ടി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനവും തീർപ്പാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കേസുകൾ തീർപ്പാക്കിയതിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് മുൻപന്തിയിൽ. ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത്.

കഴിഞ്ഞ വർഷം കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത 98,985 കേസുകളിൽ 86,700 കേസുകളും തീർപ്പാക്കിയെന്നാണ് കണക്ക്. അതായത് ആകെ ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനം കേസുകൾക്കും പരിഹാരം കണ്ടു. കേസുകൾ തീർപ്പാക്കിയതിൽ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് ഒന്നാമതുള്ളത്. 9360 കേസുകൾ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തീർപ്പാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6160 കേസുകളും ജസ്റ്റിസ് പി ഗോപിനാഥ് 5080 കേസുകളും.

ജസ്റ്റിസ് മുഹമ്മദ് നിയാസ് 4849 കേസുകളുമാണ് തീർപ്പാക്കിയത്. ജസ്റ്റിസ് എൻ. നഗരേഷ് 4760 കേസുകളും തീർപ്പാക്കി. ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത്. 459 എണ്ണം. ഹൈക്കോടതി നൽകിയ രേഖകൾ പ്രകാരം 30 വർഷമായി കെട്ടിക്കിടക്കുന്ന പതിനഞ്ച് കേസുകളാണ് ഉള്ളത്. കേരള ഹൈക്കോടതിയിൽ ആകെ വേണ്ടുന്ന ജഡ്ജിമാരുടെ എണ്ണം 47 ആയിരിക്കെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 36 ജഡ്ജിമാർ മാത്രമാണ് ഇപ്പോഴുള്ളത്. കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് കഴിഞ്ഞ വർഷത്തെ കണക്കും പുറത്തുവന്നത്. ഇ-ഫയലിങ് കൂടുതൽ കാര്യക്ഷമമായതോടെയാണ് കേസുകൾ തീർപ്പാക്കുന്നതിന് വേഗത കൈവന്നതെന്നാണ് വിലയിരുത്തൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments