DefenceNews

മിസൈലും ലേസർ ആയുധവും സംയോജിപ്പിച്ച് പുതിയ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷിയിൽ നിർണായക കുതിപ്പേകി, തദ്ദേശീയമായി വികസിപ്പിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം (IADWS) വിജയകരമായി പരീക്ഷിച്ചു. മിസൈലുകളും ലേസർ അധിഷ്ഠിത ആയുധവും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ഒഡീഷ തീരത്ത് വെച്ചാണ് ആദ്യമായി പരീക്ഷിച്ചത്. മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളിൽ, രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടാകാവുന്ന വ്യോമാക്രമണങ്ങളെ ചെറുക്കാൻ ഈ പുതിയ സംവിധാനം ഇന്ത്യക്ക് കരുത്തേകും.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ സംവിധാനം, മൂന്ന് തരം ആയുധങ്ങളുടെ സംയോജിത രൂപമാണ്:

  1. ക്വിക്ക് റിയാക്ഷൻ സർഫസ്-ടു-എയർ മിസൈലുകൾ (QRSAM)
  2. വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് (VSHORADS) മിസൈലുകൾ
  3. ഉയർന്ന ഊർജ്ജമുള്ള ലേസർ അധിഷ്ഠിത ആയുധം (DEW)

ഇന്നലെ ഉച്ചയ്ക്ക് 12:30-ന് നടന്ന പരീക്ഷണത്തിൽ, അതിവേഗത്തിൽ സഞ്ചരിക്കുന്ന രണ്ട് ഡ്രോണുകളും (UAV), ഒരു മൾട്ടി-കോപ്റ്റർ ഡ്രോണും ഉൾപ്പെടെ മൂന്ന് ലക്ഷ്യങ്ങളെ ഒരേ സമയം ഈ സംവിധാനം ട്രാക്ക് ചെയ്യുകയും വ്യത്യസ്ത ദൂരപരിധിയിൽ വെച്ച് കൃത്യതയോടെ തകർക്കുകയും ചെയ്തു. ക്യുആർസാം, വിഷോറാഡ്സ് മിസൈലുകളും ലേസർ ആയുധവും ഉപയോഗിച്ചാണ് മൂന്ന് ലക്ഷ്യങ്ങളെയും ഒരേസമയം നശിപ്പിച്ചത്.

ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും, ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ഒരു നാഴികക്കല്ലാണിതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡിആർഡിഒ, സായുധ സേന, മറ്റ് പങ്കാളികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

എല്ലാ ആയുധ സംവിധാനങ്ങളെയും റഡാറുകളെയും ആശയവിനിമയ സംവിധാനങ്ങളെയും ഒരുമിച്ച് നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് IADWS-ന്റെ പ്രധാന സവിശേഷത. ഡിആർഡിഒയുടെ റിസർച്ച് സെന്റർ ഇമറാത്ത് (RCI), സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് എന്നിവയാണ് ഇതിലെ പ്രധാന ആയുധ സംവിധാനങ്ങൾ വികസിപ്പിച്ചത്. ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വെച്ച് നടന്ന പരീക്ഷണം കുറ്റമറ്റതായിരുന്നുവെന്നും എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിച്ചുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.