
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ തീരൂവെന്ന നിലപാടിൽ ഉറച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ടു. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമുണ്ടാക്കിയ വിവാദത്തിൽ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന അതിശക്തമായ നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളാരും രാഹുലിന് പ്രതിരോധം തീർക്കാൻ തയ്യാറാകാത്തതും അദ്ദേഹത്തിന്റെ പതനം ഉറപ്പാക്കുന്നു.
പാർട്ടിയിലെ ഉറ്റ സുഹൃത്തായ ഷാഫി പറമ്പിൽ എംപി മാത്രമാണ് രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ ഏക പ്രമുഖ നേതാവ്. ശനിയാഴ്ച പുറത്തുവന്ന പുതിയ ശബ്ദരേഖ പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇതോടെ, സ്വയം ന്യായീകരിക്കുന്നതിനായി ശനിയാഴ്ച വൈകുന്നേരം രാഹുൽ വിളിച്ചുചേർത്ത വാർത്താസമ്മേളനം പോലും പാർട്ടി നേതൃത്വം ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അടൂരിലെ വീട്ടിൽ പുറത്തിറങ്ങാതെ കഴിയുകയാണ് രാഹുൽ.
നിലവിൽ രാഹുലിനെതിരെ പോലീസിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ആരോപണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പാർട്ടിയുടെ മുഖം രക്ഷിക്കാൻ രാജി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി ഒരു ആദ്യപടി മാത്രമാണെന്നും, വിഷയത്തിൽ കോൺഗ്രസ് വ്യത്യസ്തമായ പാർട്ടിയാണെന്ന് തെളിയിക്കുമെന്നുമുള്ള വി.ഡി. സതീശന്റെ വാക്കുകൾ, രാഹുലിന്റെ എംഎൽഎ സ്ഥാനവും വൈകാതെ തെറിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയതായാണ് വിവരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ രാഹുലിനെ സംരക്ഷിച്ചു നിർത്തുന്നത് പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. സർക്കാർ ഒരു പോലീസ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുൻപ്, ധാർമികതയുടെ പേരിൽ രാഹുലിനെക്കൊണ്ട് രാജിവെപ്പിച്ച് രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇതിനിടെ, രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികൾ എഐസിസിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.