
തിരുവനന്തപുരം: ചാനൽ ചർച്ചകളിലൂടെ താരമായി, മുതിർന്ന നേതാക്കളുടെ കൈപിടിച്ച് അതിവേഗം നേതൃത്വത്തിലേക്ക് ഉയർന്നുവന്ന കോൺഗ്രസിലെ ‘വണ്ടർ കിഡ്’. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കും പാലക്കാട് എംഎൽഎ സ്ഥാനത്തേക്കും എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ വളർച്ചയുടെ അതേ വേഗത്തിലാണ് ഇപ്പോള്‍ പതനവും സംഭവിച്ചിരിക്കുന്നത്. പാർട്ടിയിലെ നേതാക്കളുടെ പിന്തുണ നഷ്ടമായതും, രാഷ്ട്രീയ പക്വതയില്ലാത്ത ചില തീരുമാനങ്ങളുമാണ് രാഹുലിന്റെ രാഷ്ട്രീയ ഭാവിയെ തുലാസിലാക്കിയത്.
അതിവേഗ വളർച്ച
വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിച്ച് നേതൃത്വത്തിലേക്ക് വന്ന നേതാവായിരുന്നില്ല രാഹുൽ മാങ്കൂട്ടത്തിൽ. ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയ ചർച്ചകളിലെ മൂർച്ചയേറിയ വാക്കുകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ താരപരിവേഷം ഷാഫി പറമ്പിൽ എന്ന ശക്തനായ യുവനേതാവുമായി രാഹുലിനെ അടുപ്പിച്ചു. എ ഗ്രൂപ്പിന്റെ യുവമുഖമായി ഷാഫി രാഹുലിനെ വളർത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ, വ്യാജ ഐഡി കാർഡ് വിവാദം പോലുള്ള കല്ലുകടികൾ ഉണ്ടായിട്ടും, ഷാഫിയുടെ പിന്തുണയോടെ രാഹുൽ വിജയിച്ചു.
സെക്രട്ടറിയേറ്റ് സമരത്തിന്റെ പേരിൽ പോലീസ് പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതോടെ രാഹുലിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. ഈ സംഭവത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വസ്തനായി മാറിയ രാഹുൽ, സിപിഎമ്മിനെതിരായ പോരാട്ടങ്ങളിൽ കോൺഗ്രസിന്റെ മുൻനിര മുഖമായി. വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിൽ സമ്മതിച്ചതുതന്നെ, തന്റെ പിൻഗാമിയായി പാലക്കാട് രാഹുലിന് നൽകണമെന്ന ഉറപ്പിലായിരുന്നു.
വഴിത്തിരിവായ നിലമ്പൂർ
ഷാഫി-രാഹുൽ കൂട്ടുകെട്ട് കോൺഗ്രസിനുള്ളിൽ ഒരു പുതിയ ശക്തികേന്ദ്രമായി വളരുന്നതിനിടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വരുന്നത്. റീലുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളുമായി ഇരുവരും കളംനിറഞ്ഞു. എന്നാൽ, അവിടെവെച്ചാണ് രാഹുലിന്റെ വീഴ്ചയുടെ തുടക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒരു വാഹന പരിശോധനയ്ക്കിടെയുള്ള പക്വതയില്ലാത്ത പെരുമാറ്റത്തിന്റെ വീഡിയോ പുറത്തുവന്നത് രാഹുൽ അതുവരെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്ക് ആദ്യ മങ്ങലേൽപ്പിച്ചു.
എന്നാൽ, യഥാർത്ഥ തിരിച്ചടിയായത് പി.വി. അൻവർ എംഎൽഎയുമായി നടത്തിയ അർദ്ധരാത്രിയിലെ രഹസ്യ കൂടിക്കാഴ്ചയായിരുന്നു. അൻവറുമായി ഇനി ഒരു ചർച്ചയുമില്ലെന്ന് വി.ഡി. സതീശൻ പരസ്യമായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമായിരുന്നു ഈ കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, രാഹുലിനെ സംരക്ഷിക്കാൻ സതീശന് പോലും കഴിയാത്ത അവസ്ഥയായി. വലിയ വിമർശനം ഉയർന്നതോടെ രാഹുൽ തെറ്റുപറ്റിയെന്ന് ഏറ്റുപറഞ്ഞെങ്കിലും, സതീശന്റെ ഗുഡ് ബുക്കിൽ നിന്ന് അദ്ദേഹം പുറത്തായി.
ഈ രാഷ്ട്രീയമായ ഒറ്റപ്പെടലിന് പിന്നാലെയാണ് രാഹുലിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നുവന്നത്. ഒരുകാലത്ത് താങ്ങും തണലുമായി നിന്ന നേതാക്കളുടെ പിന്തുണ നഷ്ടമായതോടെ, ആരോപണങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ രാഹുലിന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു.