NewsPolitics

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് സി.കെ. ആശ? ചിറ്റയം ഗോപകുമാർ രാജിയിലേക്ക്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി നിയമിച്ചതോടെ ഈ സ്ഥാനത്തേക്ക് വൈക്കം എംഎൽഎ സി.കെ. ആശയുടെ പേര് സജീവമായി പരിഗണിക്കുന്നതായി സൂചന. രാഷ്ട്രീയ ധാർമികതയുടെ പേരിൽ ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയും.

​നിയമപരമായി ഒരേ സമയം രണ്ട് പദവികളും വഹിക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ല. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ ഭരണഘടനാ പദവികൾ വഹിക്കുന്നവർക്ക് പാർട്ടി പദവികൾ രാജിവെക്കേണ്ടതില്ലെന്ന് നിയമം അനുശാസിക്കുന്നില്ല. അതിനാൽ, സാങ്കേതികമായി ചിറ്റയം ഗോപകുമാറിന് രണ്ട് പദവികളും ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയും.

​എങ്കിലും, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പോലുള്ള ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർ രാഷ്ട്രീയ പക്ഷപാതങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു നിഷ്പക്ഷ നിലപാട് പുലർത്തുകയെന്നത് കീഴ്വഴക്കമാണ്. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുന്നതോടെ ചിറ്റയം ഗോപകുമാറിന് ഈ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ കഴിയാതെ വരും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള നീക്കങ്ങൾ സജീവമായത്.

​തുടർച്ചയായി രണ്ടാം തവണ വൈക്കത്ത് നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സി.കെ. ആശയുടെ പേരാണ് നിലവിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാനും ഇതിലൂടെ സാധിക്കും.