
തിരുവനന്തപുരം: സിപിഎം നേതൃത്വത്തെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി അതീവ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ അടങ്ങിയ പരാതി ചോർന്നു. പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയ്ക്ക് (പിബി) മാത്രം ലഭിച്ച അതീവ രഹസ്യ സ്വഭാവമുള്ള പരാതി, ഡൽഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസിന്റെ ഭാഗമായതോടെയാണ് പാർട്ടിക്ക് അകത്തും പുറത്തും വൻ വിവാദത്തിന് തിരികൊളുത്തിയത്.
പരാതി ചോർത്തിയതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാം ആണെന്ന് സംശയിക്കുന്നതായി പരാതിക്കാരനായ ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ആരോപിച്ചു.
ലണ്ടൻ മലയാളിയും പാർട്ടി നേതാക്കളുമായി അടുപ്പമുള്ളയാളുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെയാണ് മുഹമ്മദ് ഷെർഷാദ് 2021-ൽ പിബിക്ക് പരാതി നൽകിയത്. വിദേശത്ത് നിന്ന് തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത കടലാസ് കമ്പനികളിലേക്ക് കോടിക്കണക്കിന് രൂപ എത്തുന്നുണ്ടെന്നും, ഈ പണം കൺസൾട്ടൻസി ഫീസ് എന്ന വ്യാജേന പാർട്ടിയുടെ മുൻ മന്ത്രിമാരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നും പരാതിയിൽ പറയുന്നു.
സർക്കാർ തീരമേഖലയിൽ നടപ്പാക്കിയ ചില പദ്ധതികൾക്ക് പിന്നിലും ഇത്തരം സാമ്പത്തിക തട്ടിപ്പുണ്ടെന്ന് തെളിവുകൾ സഹിതം പരാതിയിൽ ആരോപിക്കുന്നുണ്ട്. ഈ ഇടപാടുകളിൽ വിദേശനിക്ഷേപ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും, തമിഴ്‌നാട് ഡിജിപി ബന്ധപ്പെട്ട കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കിയതായും പരാതിയിലുണ്ട്.
പരാതിയെ തുടർന്ന് രാജേഷ് കൃഷ്ണയെ മധുരയിൽ നടന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്കെതിരെ രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ്, പിബിക്ക് മാത്രം അറിയാവുന്ന പരാതിയുടെ പകർപ്പ് തെളിവായി എത്തിയത്. തനിക്കെതിരായ പരാതിയുടെ പകർപ്പ് എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് ലഭിച്ചു എന്നതാണ് പ്രധാന ചോദ്യം.
ഈ സാഹചര്യത്തിലാണ്, കത്ത് ചോർന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഷെർഷാദ് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് പുതിയ പരാതി നൽകിയത്. “സംസ്ഥാന സെക്രട്ടറിയുടെ മകൻ (ശ്യാം), ആരോപണവിധേയനായ രാജേഷ് കൃഷ്ണയുടെ അടുത്ത സുഹൃത്താണ്. അതിനാൽ കത്ത് ചോർത്തിക്കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ല,” എന്ന് ഷെർഷാദ് മാധ്യമങ്ങളോട് പറഞ്ഞു. അതീവ ഗൗരവമേറിയ സാമ്പത്തിക ആരോപണങ്ങൾക്ക് പുറമെ, പാർട്ടിയുടെ ഉന്നതങ്ങളിൽ നിന്നുതന്നെ രേഖ ചോർന്നെന്ന പുതിയ വിവാദം സിപിഎമ്മിന് കനത്ത തലവേദനയായിരിക്കുകയാണ്.