
സിൽവർ ലൈൻ പോയി, ശ്രീധരന്റെ ബദലും കേന്ദ്രത്തിൽ കുരുങ്ങി; കേരളത്തിന്റെ അതിവേഗ സ്വപ്നങ്ങൾക്ക് വീണ്ടും ചുവപ്പ് സിഗ്നൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ കേരളത്തിന്റെ അതിവേഗ റെയിൽ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയും കേന്ദ്രാനുമതി കാത്ത് ചുവപ്പുനാടയിൽ.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് മൂന്നേകാൽ മണിക്കൂറിൽ എത്താൻ കഴിയുന്ന പദ്ധതിരേഖ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നിലെത്തിയിട്ട് ഒമ്പത് മാസമായെങ്കിലും തുടർനടപടികളുണ്ടായില്ല. ഇതോടെ, കേരളത്തിന്റെ ഗതാഗത വികസനത്തിലെ നിർണായകമായേക്കാവുന്ന പദ്ധതി അനിശ്ചിതത്വത്തിലായി.
സിൽവർ ലൈൻ പദ്ധതിക്കെതിരായ വ്യാപക പ്രതിഷേധങ്ങളെത്തുടർന്നാണ് സർക്കാർ, പ്രധാനമന്ത്രിയുമായി അടുപ്പമുള്ള ഇ. ശ്രീധരനെ മുൻനിർത്തി ബദൽ പദ്ധതിക്ക് അംഗീകാരം നേടാൻ ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി നിർദ്ദേശം ദക്ഷിണ റെയിൽവേയ്ക്കും കെ-റെയിലിനും കൈമാറിയതല്ലാതെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
കുറഞ്ഞ ഭൂമി, കുറഞ്ഞ എതിർപ്പ്
സിൽവർ ലൈനിനായി 1221 ഹെക്ടർ ഭൂമി വേണ്ടിയിരുന്നിടത്ത്, ശ്രീധരന്റെ പദ്ധതിക്ക് ഏകദേശം 400 ഹെക്ടർ ഭൂമി മതിയാകുമെന്നാണ് കണക്ക്. പാത കൂടുതലും തൂണുകളിലൂടെയും (Elevated Corridor) തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നതിനാലാണിത്. ഭൂമിയേറ്റെടുക്കൽ കുറവായതിനാൽ ജനങ്ങളുടെ എതിർപ്പും കുറവായിരിക്കും. തൂണുകൾ നിർമ്മിച്ച ശേഷം ഭൂമി ഉടമകൾക്ക് തിരികെ നൽകാമെന്നും കൃഷിക്കും കാലിവളർത്തലിനും ഉപയോഗിക്കാമെന്നും പദ്ധതിരേഖയിലുണ്ട്. ഇത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിക്കില്ല.
പ്രധാന നിർദ്ദേശങ്ങൾ
- വേഗത: മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ. ശരാശരി വേഗം 135 കി.മീ.
- പാത: നിലവിലെ ട്രാക്കുകൾക്ക് സമാനമായി ബ്രോഡ്ഗേജ്.
- സ്റ്റോപ്പുകൾ: 25-30 കിലോമീറ്റർ ഇടവിട്ട് പ്രധാന നഗരങ്ങളിലെല്ലാം സ്റ്റോപ്പ്.
- യാത്രാസമയം: തിരുവനന്തപുരം-എറണാകുളം (1.20 മണിക്കൂർ), തിരുവനന്തപുരം-കോഴിക്കോട് (2.5 മണിക്കൂർ), തിരുവനന്തപുരം-കണ്ണൂർ (3.15 മണിക്കൂർ).
- നിർമ്മാണം: ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (DMRC) ഏൽപ്പിച്ചാൽ ആറുവർഷം കൊണ്ട് പൂർത്തിയാക്കാം.
- ചെലവ്: തൂണുകളിലൂടെ പോകുന്നതിനാൽ പദ്ധതിയുടെ ചെലവ് ഒന്നര ലക്ഷം കോടി രൂപ വരെ ഉയർന്നേക്കാം. സിൽവർ ലൈനിന് കണക്കാക്കിയിരുന്നത് 78,000 കോടിയായിരുന്നു.
സിൽവർ ലൈനിനേക്കാൾ ചെലവേറുമെങ്കിലും സാമൂഹികാഘാതം കുറഞ്ഞതും കൂടുതൽ പ്രായോഗികവുമായ പദ്ധതിയാണ് ശ്രീധരൻ മുന്നോട്ടുവെച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി വൈകുന്നത് കേരളത്തിന്റെ അതിവേഗ യാത്രയെന്ന സ്വപ്നത്തെ വീണ്ടും പിന്നോട്ടടിക്കുകയാണ്.