
രജിസ്ട്രേഷൻ ദിനം തന്നെ പോക്കുവരവും, ‘എന്റെ ഭൂമി’ പദ്ധതിക്ക് മൂന്ന് വില്ലേജുകളിൽ തുടക്കം
തിരുവനന്തപുരം: ഭൂമി ഇടപാടുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്ന അതേ ദിവസം തന്നെ ഭൂമിയുടെ പോക്കുവരവ് (മ്യൂട്ടേഷൻ) നടപടികളും പൂർത്തിയാക്കുന്ന അതിനൂതന സംവിധാനത്തിന് അടുത്ത മാസം തുടക്കമാകും. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളെ സംയോജിപ്പിക്കുന്ന ‘എന്റെ ഭൂമി’ പോർട്ടൽ വഴിയാണ് ഈ സേവനം ലഭ്യമാക്കുക.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച മൂന്ന് വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. കാസർകോട് ജില്ലയിലെ ഉജാർ ഉൾവാർ, കോട്ടയം വൈക്കം താലൂക്കിലെ ഉദയനാപുരം, കൊല്ലം ജില്ലയിലെ മങ്ങാട് എന്നിവയാണ് ഈ വില്ലേജുകൾ. ഉജാർ ഉൾവാർ വില്ലേജിൽ നടത്തിയ പരീക്ഷണം വിജയകരമായതോടെയാണ് പദ്ധതി വേഗത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്. ഈ നേട്ടത്തോടെ, രജിസ്‌ട്രേഷൻ-റവന്യൂ വകുപ്പുകളെ സംയോജിപ്പിച്ച് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.
റവന്യൂ വകുപ്പിന്റെ ‘റെലിസ്’ (ReLIS), രജിസ്ട്രേഷൻ വകുപ്പിന്റെ ‘പേൾ’ (PEARL) എന്നീ സോഫ്റ്റ്വെയറുകൾ സംയോജിപ്പിച്ചാണ് ‘എന്റെ ഭൂമി’ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ആധാരമെഴുത്തുകാർക്ക് ഓൺലൈനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ആധാരത്തിൽ കക്ഷികളുടെയും സാക്ഷികളുടെയും വിവരങ്ങൾ, ഫീസ്, വിരലടയാളം, ഫോട്ടോ എന്നിവ ഡിജിറ്റലായി രേഖപ്പെടുത്തും (ഡിജിറ്റൽ എൻഡോഴ്‌സ്‌മെന്റ്). രജിസ്ട്രേഷൻ പൂർത്തിയാകുന്ന നിമിഷം ഈ വിവരങ്ങൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസിലേക്ക് ഓൺലൈനായി എത്തും. തുടർന്ന്, ഭൂമി വിറ്റയാളുടെ തണ്ടപ്പേരിൽ നിന്ന് സ്ഥലം കുറവ് ചെയ്ത്, വാങ്ങിയ ആളുടെ തണ്ടപ്പേരിൽ ചേർക്കുന്ന നടപടിക്രമം അന്നുതന്നെ പൂർത്തിയാകും. ഇതോടെ പോക്കുവരവിനായി വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങുന്ന പതിവിന് അവസാനമാകും.
2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേ രണ്ട് വർഷത്തിനകം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ 1666 വില്ലേജുകളിൽ 330 എണ്ണത്തിൽ ഇതിനകം സർവേയുടെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് മറ്റ് വില്ലേജുകളിലും രജിസ്ട്രേഷൻ-പോക്കുവരവ് ഏകീകൃത സംവിധാനം നടപ്പിലാക്കും.