KuwaitNews

വ്യാജമദ്യ ദുരന്തം; കുവൈത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 67 പേർ പിടിയില്‍

കുവൈറ്റ് സിറ്റി: കുവൈത്തിനെ നടുക്കി വൻ വ്യാജമദ്യ ദുരന്തത്തില്‍ നടപടികളുമായി അധികൃതർ. കണ്ണൂർ സ്വദേശിയായ യുവാവ് ഉൾപ്പെടെ 13 പ്രവാസികൾ വിഷമദ്യം കഴിച്ച് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർ ഉൾപ്പെടെ 67 പേരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ അനധികൃത മദ്യ നിർമ്മാണ-വിതരണ ശൃംഖലയെ പൂർണ്ണമായി തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കണ്ണൂർ സ്വദേശി സച്ചിൻ (31) ആണ് മരിച്ചവരിൽ ഉൾപ്പെട്ട മലയാളി. ആഗസ്റ്റ് 9 മുതൽ രാജ്യത്ത് മെഥനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ 51 പേർക്ക് അടിയന്തര ഡയാലിസിസ് വേണ്ടിവന്നു. 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു, 31 പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. നിരവധി പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിലാണ് മദ്യ നിർമ്മാണ റാക്കറ്റിനെ പിടികൂടാനായത്. ശനിയാഴ്ച നടത്തിയ വ്യാപക റെയ്ഡിലാണ് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിലായത്. ഇവർ താമസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതുമായ സ്ഥലങ്ങളിൽ നിന്ന് മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിഷവസ്തുവായ മെഥനോൾ ഉൾപ്പെടെ പിടിച്ചെടുത്തു.

സാൽമിയയിൽ വെച്ച് പിടിയിലായ നേപ്പാൾ സ്വദേശി ഭുബൻ ലാൽ തമാങ് ആണ് കേസിലെ പ്രധാന കണ്ണികളിലൊരാളെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന ആറ് വൻകിട വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ പോലീസ് കണ്ടെത്തി അടപ്പിച്ചു. റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് കേന്ദ്രങ്ങളിലും ഉടനടി നടപടി സ്വീകരിച്ചു.

പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് വാങ്ങിയ മദ്യമാണ് ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.