
വട്ടിയൂർക്കാവിൽ മത്സരിക്കാൻ ഉറപ്പിച്ച് കെ.മുരളീധരൻ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവിൽ നിന്ന് മൽസരിക്കുമെന്ന് വ്യക്തമാക്കി കെ.മുരളീധരൻ. ഇതോടെ കഴക്കൂട്ടത്തേക്ക് ഓടാൻ ഉറപ്പിച്ചിരിക്കുകയാണ് വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്ത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് ഇത്തവണ സീറ്റുണ്ടാകില്ല. ആ സീറ്റിൽ കഴക്കൂട്ടം സ്വദേശിയായ താൻ മൽസരിച്ചാൽ ജയിക്കാം എന്നാണ് പ്രശാന്തിന്റെ അവകാശവാദം.
വട്ടിയൂർക്കാവ് എം എൽ എ ആയിരുന്ന കെ.മുരളീധരൻ 2019 ൽ വടകര ലോകസഭയിൽ മൽസരിച്ച് ജയിച്ചതോടെയാണ് പ്രശാന്തിന്റെ രാശി തെളിഞ്ഞത്. ചെന്നിത്തലയുടെ ആശീർവാദത്തോടെ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങിയ മോഹൻകുമാറിനെ പരാജയപ്പെടുത്തിയാണ് പ്രശാന്ത് വട്ടിയൂർക്കാവ് സീറ്റ് പിടിച്ചെടുത്തത്. 2021 ൽ സീറ്റ് നിലനിർത്തിയ പ്രശാന്തിന് വട്ടിയൂർക്കാവിനോട് മമത കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. കെ. മുരളീധരൻ വട്ടിയൂർക്കാവിൽ മൽസരിക്കുമെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പ്രശാന്തിന്റെ ആത്മവിശ്വാസം കുറഞ്ഞത്.
ബി.ജെപി സ്ഥാനാർത്ഥിയായി പത്മജയെ ഇറക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. വട്ടിയൂർക്കാവിലെ കെ.മുരളീധരന്റെ ബന്ധങ്ങൾ അറിയാവുന്ന പത്മജ ഇതിൽ കൊത്താനുള്ള സാധ്യത തുലോം കുറവാണ്. തൃശൂരിലാണ് പത്മജയുടെ കണ്ണ്. കഴിഞ്ഞ തവണ 1000 ത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ട തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി എത്തിയാൽ ജയിക്കാം എന്നാണ് പത്മജയുടെ കണക്കുകൂട്ടൽ.
2016 ൽ കെ. മുരളീധരനോട് വട്ടിയൂർക്കാവിൽ പരാജയപ്പെട്ട കുമ്മനം രാജശേഖരൻ ആയിരിക്കും ബി.ജെ.പി സ്ഥാനാർത്ഥിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അന്ന് സിപിഎം സ്ഥാനാർത്ഥി ഡോ. ടി.എൻ സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ആ ചരിത്രം ആണ് കഴക്കൂട്ടത്തിലേക്ക് കണ്ണ് വയ്ക്കാൻ പ്രശാന്തിനെ പ്രേരിപ്പിക്കുന്നത്. മറ്റൊരു സീമയാകുന്നതിലും നല്ലത് കഴക്കൂട്ടം പരീക്ഷണം ആണെന്ന് പ്രശാന്തിനറിയാം. മൂന്നാം സ്ഥാനത്ത് പോയെങ്കിലും നവകേരള കർമ്മ സമിതിയുടെ ചുമതല നൽകി പിണറായി സീമയെ നാണക്കേടിൽ നിന്ന് കരകയറ്റി.