
ക്ഷേമ പെൻഷൻ വിതരണം ഈ ആഴ്ച ആരംഭിക്കും; ഓണം പ്രമാണിച്ച് ഒരു ഗഡു കുടിശിക കൂടി നൽകിയേക്കും
ഓണം പ്രമാണിച്ച് ക്ഷേമ പെൻഷൻ ഒരു ഗഡു കുടിശിക കൂടി അനുവദിച്ചേക്കും. നിലവിൽ 2 ഗഡു ക്ഷേമ പെൻഷൻ കുടിശികയാണ് ഉള്ളത്. ഈ മാസം 19 ന് സർക്കാർ 2000 കോടി കടം എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗസ്ത് മാസത്തെ ക്ഷേമ പെൻഷൻ 20 മുതൽ വിതരണം ചെയ്തേക്കും. ഇതിനോടൊപ്പം ഒരു ഗഡു കൂടി കുടിശിക നൽകാനും ആലോചനയുണ്ട്.
ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് 5 ഗഡു ക്ഷേമ പെൻഷൻ കുടിശികയായിരുന്നു. ലോകസഭയിലെ ദയനീയ തോൽവിയെ തുടർന്നാണ് ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. 2024 – 25 സാമ്പത്തിക വർഷം 2 ഗഡു ക്ഷേമ പെൻഷൻ കുടിശിക കൊടുത്തിരുന്നു. ഈ സാമ്പത്തിക വർഷം 3 ഗഡു കുടിശിക കൊടുക്കുമെന്നാണ് വാഗ്ദാനം. ഇതിൽ ഒരു ഗഡു കുടിശിക കൊടുത്തിരുന്നു. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ ആസന്നമായി നിൽക്കുന്ന സാഹചര്യത്തിൽ ക്ഷേമ പെൻഷൻ കുടിശിക സർക്കാർ ഉറപ്പായും നൽകും എന്നാണ് ധനവകുപ്പിൽ നിന്ന് അറിയുന്നത്.
കുടിശിക ലഭിക്കാതെ നിരവധി പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് കുടിശിക ലഭിക്കില്ല. ക്ഷേമ പെൻഷൻ ആ വ്യക്തിയുടെ ക്ഷേമത്തിന് നൽകുന്നതാണെന്നാണ് ഇതിന് സർക്കാർ വിശദീകരണം. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കേണ്ട ബാധ്യത സർക്കാരിന് ഉണ്ടായിരുന്നു. അത് ചെയ്യാതെ ക്ഷേമ പെൻഷൻകാർ മരണപ്പെട്ടാൽ കുടിശിക ആശ്രിതർക്ക് അനുവദിക്കില്ല എന്നത് ശരിയായ നടപടിയല്ല. കുടിശിക ആക്കിയതിൻ്റെ കുറ്റം സർക്കാരിനാണ്. ക്ഷേമ പെൻഷൻകാർക്കല്ല.
സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അവകാശം ആണ്. എന്നത് പോലെ ക്ഷേമ പെൻഷനും അവകാശമായി സർക്കാർ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അങ്ങനെയാണെങ്കിൽ എല്ലാ മാസവും കൃത്യമായി ക്ഷേമ പെൻഷൻ ലഭിക്കും. ക്ഷേമ പെൻഷൻ നൽകാൻ രൂപികരിച്ച പെൻഷൻ കമ്പനിക്ക് 23000 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. പെൻഷൻ വീട്ടിൽ എത്തിക്കുന്നവർക്ക് 6 മാസത്തെ പണവും നൽകാനുണ്ട്. ഇങ്ങനെ പെൻഷൻ കമ്പനിയോടും പെൻഷൻ വിതരണം ചെയ്യുന്നവരോടും കടം പറഞ്ഞാണ് ക്ഷേമ പെൻഷനിലെ ബാലഗോപാലിൻ്റെ അഭ്യാസം.
ബജറ്റിൽ ക്ഷേമ പെൻഷന് വകയിരുത്തിയ തുക നൽകിയിരുന്നെങ്കിൽ പെൻഷൻ കമ്പനിക്ക് ആശ്വാസം ആയേനേ. കടം വാങ്ങി ശമ്പളവും പെൻഷനും കൊടുക്കുന്ന ബാലഗോപാൽ പെൻഷൻ കമ്പനി കൈമലർത്തിയതോടെ കടം വാങ്ങിച്ചാണ് ക്ഷേമ പെൻഷനും നൽകുന്നത്.