Cinema

സിദ്ധാർത്ഥ്-ജാൻവി ചിത്രത്തിനെതിരെ ക്രൈസ്തവ സംഘടന; ‘പരം സുന്ദരി’യിലെ ചർച്ച് രംഗം വിവാദത്തിൽ

ന്യൂഡൽഹി: സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരം സുന്ദരി’യുടെ ട്രെയിലറിലെ ഒരു രംഗം വിവാദത്തിൽ. ഒരു ക്രിസ്ത്യൻ പള്ളിയിൽ വെച്ച് നായകനും നായികയും തമ്മിലുള്ള പ്രണയരംഗമാണ് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഈ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാച്ച്‌ഡോഗ് ഫൗണ്ടേഷൻ എന്ന ക്രൈസ്തവ സംഘടന സെൻസർ ബോർഡിനും മുംബൈ പോലീസിനും കത്തയച്ചു.

സിനിമയിലെ ചില രംഗങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. പള്ളി ഒരു ആരാധനാലയമാണെന്നും അത്തരം സ്ഥലങ്ങളെ പ്രണയരംഗങ്ങൾക്ക് വേദിയാക്കുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നു. വാച്ച്‌ഡോഗ് ഫൗണ്ടേഷന്റെ അഭിഭാഷകനായ ഗോഡ്ഫ്രെ പിമെന്റയാണ് സെൻസർ ബോർഡിനും, മുംബൈ പോലീസിനും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനും, മഹാരാഷ്ട്ര സർക്കാരിനും കത്തയച്ചത്.

1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് അനുസരിച്ച്, സെൻസർ ബോർഡ് സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുമ്പോൾ കലാപരമായ ആവിഷ്കാരങ്ങളെയും മതവികാരങ്ങളെയും മാനിക്കണമെന്ന് പിമെന്റ പറഞ്ഞു. ഈ രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ പൊതു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, മതവികാരം വ്രണപ്പെടുത്തിയതിന് നടീനടന്മാർക്കും സംവിധായകനും നിർമ്മാതാവിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’യിൽ ഒരു പഞ്ചാബി യുവാവായാണ് സിദ്ധാർത്ഥ് മൽഹോത്ര എത്തുന്നത്, ഒരു സൗത്ത് ഇന്ത്യൻ പെൺകുട്ടിയായി ജാഹ്നവി കപൂറും വേഷമിടുന്നു. ഇവർ തമ്മിലുള്ള പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.