News

ഹരിതകർമസേനയുടെ യൂസർ ഫീ ഇനി ഓൺലൈനായി അടയ്ക്കാം; പണം നൽകാത്തവർക്ക് കെട്ടിടനികുതിക്കൊപ്പം കുടിശ്ശിക വരും

തിരുവനന്തപുരം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനയ്ക്ക് നൽകേണ്ട യൂസർ ഫീ അടയ്ക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് ഡിജിറ്റലാകുന്നു. ഇതിനായി ‘ഹരിതമിത്രം’ ആപ്പ് ‘ഹരിതമിത്രം 2.0’ എന്ന പേരിൽ പരിഷ്കരിച്ച് പുറത്തിറക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ, 14 മുനിസിപ്പാലിറ്റികൾ, 15 ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പുതിയ സംവിധാനം നിലവിൽ വരും.

മാലിന്യനീക്കം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. യുപിഐ സംവിധാനം വഴി പണം അടയ്ക്കാൻ സൗകര്യമൊരുക്കുന്നതോടെ ഉപഭോക്താക്കൾക്ക് രസീതുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും സാധിക്കും.

പുതിയ സംവിധാനം വരുന്നതോടെ യൂസർ ഫീ നൽകാത്തവർക്കെതിരെ നടപടി കർശനമാക്കും. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാൻ സർക്കാർ അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. യൂസർ ഫീ കുടിശ്ശികയും പിഴത്തുകയും കെട്ടിടനികുതി കുടിശ്ശികയായി കണക്കാക്കി ഈടാക്കാനാണ് തീരുമാനം.

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടങ്ങൾക്ക് കെ-സ്മാർട്ട് വഴി നൽകുന്ന ഡോർ നമ്പറുമായി ബന്ധിപ്പിച്ചാണ് ‘ഹരിതമിത്രം 2.0’ പ്രവർത്തിക്കുക. ഇതോടെ സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങളെയും മാലിന്യനീക്ക സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാകും. ഫ്ലാറ്റുകൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം ഒരുമിച്ച് ശേഖരിക്കുമ്പോൾ കോമൺ ബിൽ നൽകാനും ആപ്പിൽ സൗകര്യമുണ്ടാകും.

ഹരിതകർമസേന അടുത്ത തവണ മാലിന്യം ശേഖരിക്കാനെത്തുന്ന തീയതി മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനവും ആപ്പിന്റെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ഓഫ്‌ലൈൻ സൗകര്യവും ആപ്പിലുണ്ടാകും. തമിഴ്, കന്നഡ ഭാഷകളിലും ആപ്പ് ലഭ്യമാക്കുന്നത് പരിഗണനയിലുണ്ട്.