IndiaNews

മോദിയുടെ വാഗ്ദാനം പൊള്ള; ഒരു കോടി ഇന്റേൺഷിപ്പ് കിട്ടിയത് വെറും 9453 പേർക്ക് മാത്രം! തട്ടിപ്പെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്കെതിരെ (PMIS) വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

നാല് വർഷം കൊണ്ട് ഒരു കോടി ഇന്റേൺഷിപ്പ് നൽകുമെന്ന സർക്കാർ വാഗ്ദാനം ഒരു ‘തട്ടിപ്പ്’ (ജുംല) ആണെന്നും, പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി തന്നെ ഇതിന് തെളിവാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഔദ്യോഗിക കണക്കുകൾ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

“ഒരു ലക്ഷം കോടിയുടെ തട്ടിപ്പ് – സീസൺ 2!” എന്ന തലക്കെട്ടോടെയാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഒരു കോടി ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്ത മോദി, ഈ വർഷവും തൊഴിൽ പദ്ധതിയുടെ പേരിൽ പൊള്ളയായ വാഗ്ദാനങ്ങൾ ആവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെന്റിൽ വെളിപ്പെട്ട കണക്കുകൾ

ലോക്സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് 2025 ജൂലൈ 21-ന് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം നൽകിയ മറുപടിയുടെ രേഖകൾ പ്രകാരം, പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ യഥാർത്ഥ ചിത്രം നിരാശാജനകമാണ്. സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത് ഇതാണ്:

  • ആകെ അപേക്ഷകൾ: 10.77 ലക്ഷം
  • ഓഫർ നൽകിയത്: 1.53 ലക്ഷം പേർക്ക്
  • ജോലിയിൽ പ്രവേശിച്ചത് (Interns who joined): 9,453 പേർ മാത്രം

ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പത്ത് ലക്ഷത്തിലധികം പേർ അപേക്ഷിച്ചിട്ടും പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “കുറഞ്ഞ സ്റ്റൈപ്പൻഡ് കാരണം ഓഫർ ലഭിച്ചവരിൽ 90 ശതമാനം യുവാക്കളും ഈ അവസരം നിരസിച്ചു,” എന്നും രാഹുൽ ഗാന്ധി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

മോദിയുടെ കയ്യിൽ പുതിയ ആശയങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും, ഈ സർക്കാരിൽ നിന്ന് യുവാക്കൾക്ക് തൊഴിലല്ല, പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് ലഭിക്കുകയെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.