
ഇന്ത്യൻ മഹാസമുദ്രത്തിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യയും ശ്രീലങ്കയും; ‘സ്ലിനെക്സ്-25’ നാവികാഭ്യാസത്തിന് കൊളംബോയിൽ തുടക്കം
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സംയുക്ത സൈനികാഭ്യാസമായ ‘സ്ലിനെക്സ്-25’ (SLINEX-25) ന്റെ പന്ത്രണ്ടാം പതിപ്പിന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ തുടക്കമായി.
അഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ മിസൈൽവേധ യുദ്ധക്കപ്പലായ ഐഎൻഎസ് റാണ, ഫ്ലീറ്റ് ടാങ്കറായ ഐഎൻഎസ് ജ്യോതി എന്നിവ കൊളംബോ തുറമുഖത്ത് എത്തിച്ചേർന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമുദ്രസുരക്ഷാ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2005-ൽ ആരംഭിച്ചതാണ് സ്ലിനെക്സ് അഭ്യാസം. ഓഗസ്റ്റ് 14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന അഭ്യാസം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി അഭ്യാസം
അഭ്യാസത്തിന്റെ ആദ്യ ഘട്ടമായ ഹാർബർ ഫേസ് ഓഗസ്റ്റ് 14 മുതൽ 16 വരെ കൊളംബോ തുറമുഖത്ത് നടക്കും. ഈ ഘട്ടത്തിൽ ഇരു നാവികസേനകളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകൾ, പരിശീലന പരിപാടികൾ, യോഗ, കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.

രണ്ടാം ഘട്ടമായ സീ ഫേസ് (Sea Phase) ഓഗസ്റ്റ് 17, 18 തീയതികളിൽ കടലിൽ നടക്കും. ഈ ഘട്ടത്തിൽ വെടിവെപ്പ് പരിശീലനം, കപ്പലുകൾ തമ്മിലുള്ള ആശയവിനിമയം, ശത്രു കപ്പലുകളെ വളഞ്ഞ് പരിശോധന നടത്തുന്നതിനുള്ള പരിശീലനം (VBSS), കടലിൽ വെച്ച് ഇന്ധനം നിറയ്ക്കൽ തുടങ്ങിയ സങ്കീർണ്ണമായ നാവിക അഭ്യാസങ്ങൾ അരങ്ങേറും.
ശ്രീലങ്കൻ നാവികസേനയെ പ്രതിനിധീകരിച്ച് എസ്എൽഎൻഎസ് ഗജബാഹു, എസ്എൽഎൻഎസ് വിജയാബാഹു എന്നീ കപ്പലുകളും ഇരു രാജ്യങ്ങളിലെയും നാവികസേനയുടെ പ്രത്യേക കമാൻഡോ വിഭാഗങ്ങളും അഭ്യാസത്തിൽ പങ്കാളികളാകും.
‘സമുദ്രമേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും’ (MAHASAGAR) എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായി അയൽരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ സ്ലിനെക്സ് പോലുള്ള അഭ്യാസങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.