
പണിതിട്ടും പണിതിട്ടും തീരാത്ത ഊരാളുങ്കലിന്റെ ഇ-നിയമസഭ; ചെലവ് 52 കോടി, കരാർ നീട്ടിക്കൊടുത്ത് 11 തവണ
തിരുവനന്തപുരം: 52.30 കോടി രൂപ ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ ഇ-നിയമസഭ പദ്ധതി അഞ്ചു വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല. 15 മാസത്തിനുള്ളിൽ പൂർത്തിയാക്കാമെന്ന് 2019 മാർച്ചിൽ കരാർ ഒപ്പിട്ട പദ്ധതിക്ക് ഇതുവരെ 11 തവണയാണ് കാലാവധി ദീർഘിപ്പിച്ചു നൽകിയത്.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ കാലത്താണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ NEVA-യെ ഒഴിവാക്കി ഊരാളുങ്കലിന് പദ്ധതിയുടെ ചുമതല നൽകിയത്. 2019 മാർച്ച് 30-ന് ഒപ്പിട്ട കരാർ പ്രകാരം 2020 ജൂൺ 30-ന് പദ്ധതി പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, 2025 ജൂൺ 26-ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയറ്റിൽനിന്ന് ലഭിച്ച വിവരാവകാശ രേഖ അനുസരിച്ച് പദ്ധതി പൂർത്തിയായിട്ടില്ല.
ശ്രീരാമകൃഷ്ണൻ സ്പീക്കർ കസേരയിൽനിന്ന് മാറിയ ശേഷം എം.ബി. രാജേഷ് സ്പീക്കറായി . രാജേഷ് മാറി എ.എൻ. ഷംസീറും സ്പീക്കറായി. എന്നിട്ടും ശങ്കരൻ തെങ്ങിൽ തന്നെ.ഷംസീറിൻ്റെ കാലാവധി തീരാൻ വെറും എട്ടുമാസം മാത്രം ശേഷിക്കുമ്പോഴും പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. കാലതാമസം വരുത്തിയ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർമാർ തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ, പണിതു തീരാത്ത കേരളത്തിലെ മറ്റൊരു പദ്ധതിയായി ഇ-നിയമസഭ മാറിക്കഴിഞ്ഞു.