
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സെവാഗിന്റെ ഏകദിന കരിയർ 2008-ൽ അവസാനിക്കേണ്ടതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി താരം തന്നെ രംഗത്ത്. അന്നത്തെ ക്യാപ്റ്റൻ എം.എസ്. ധോണി ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയപ്പോൾ താൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ സച്ചിൻ ടെണ്ടുൽക്കറുടെ നിർണായക ഇടപെടലാണ് ആ തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചതെന്നും സെവാഗ് തുറന്നുപറഞ്ഞു.
2007-08 കാലഘട്ടത്തിൽ ഓസ്‌ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരക്കിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പരമ്പരയിൽ മോശം ഫോമിലായിരുന്ന സെവാഗിനെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ധോണി പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 81 റൺസ് മാത്രമായിരുന്നു അന്ന് താരത്തിന്റെ സമ്പാദ്യം. ടീമിലെ സ്ഥാനം നഷ്ടപ്പെട്ടതോടെ കടുത്ത നിരാശയിലായ താൻ കളി നിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സെവാഗ് പറയുന്നു.
ഒരു അഭിമുഖത്തിൽ സംസാരിക്കവെ സെവാഗ് പറഞ്ഞു, “2007-08 ലെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ശേഷം ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി. പിന്നീട് കുറച്ചുകാലത്തേക്ക് അവസരം ലഭിച്ചില്ല. പ്ലേയിംഗ് ഇലവനിൽ ഇടമില്ലെങ്കിൽ പിന്നെ ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി.”
സച്ചിന്റെ ഉപദേശം കരിയർ മാറ്റിമറിച്ചു
വിരമിക്കാനുള്ള തീരുമാനവുമായി താൻ സച്ചിൻ ടെണ്ടുൽക്കറെയാണ് സമീപിച്ചതെന്ന് സെവാഗ് ഓർക്കുന്നു. “ഞാൻ സച്ചിനോട് പറഞ്ഞു, ‘ഞാൻ ഏകദിനത്തിൽ നിന്ന് വിരമിക്കാൻ ആലോചിക്കുകയാണ്’. എന്നാൽ അദ്ദേഹം അത് പാടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ‘അതുപോലൊരു ഘട്ടത്തിലൂടെ 1999-2000 കാലഘട്ടത്തിൽ ഞാനും കടന്നുപോയിട്ടുണ്ട്. ക്രിക്കറ്റ് തന്നെ ഉപേക്ഷിക്കാൻ അന്നെനിക്ക് തോന്നി. പക്ഷെ ആ മോശം കാലം കടന്നുപോയി. വൈകാരികമായിരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കരുത്. കുറച്ചുകൂടി സമയം എടുക്കൂ, ഒന്നോ രണ്ടോ പരമ്പരകൾ കൂടി കളിക്കൂ, എന്നിട്ട് തീരുമാനിക്കാം’ എന്നായിരുന്നു സച്ചിന്റെ വാക്കുകൾ,” സെവാഗ് കൂട്ടിച്ചേർത്തു.
സച്ചിന്റെ ഉപദേശം സ്വീകരിച്ച സെവാഗ് പിന്നീട് ശക്തമായി ടീമിലേക്ക് തിരിച്ചുവന്നു. തൊട്ടടുത്ത പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഒടുവിൽ, 2011-ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ അവിഭാജ്യ ഘടകമായി മാറാനും സെവാഗിന് കഴിഞ്ഞു. 2015 ഒക്ടോബറിലാണ് അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.