
മെഡിസെപ്പ് വിധി ജീവനക്കാർക്ക് ആശ്വാസം; എംപാനൽ ചെയ്യാത്ത ആശുപത്രിയിലെ ചികിത്സാച്ചെലവ് ഇൻഷുറൻസ് കമ്പനി നൽകണം
തിരുവനന്തപുരം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രിയിൽ ചികിത്സ തേടിയതിന് ഇൻഷുറൻസ് തുക നിഷേധിച്ച നടപടി പെർമനന്റ് ലോക് അദാലത്ത് റദ്ദാക്കി. സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന ഈ വിധിയിലൂടെ, പരാതിക്കാരന് 18 ലക്ഷം രൂപ ചികിത്സാച്ചെലവും 10,000 രൂപ കോടതിച്ചെലവും നൽകാൻ അദാലത്ത് ഉത്തരവിട്ടു. ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച ഫാർമസിസ്റ്റ് പി. അനിൽകുമാറിനാണ് വിധി അനുകൂലമായത്.
അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ നടത്തുന്ന ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും ഇൻഷുറൻസ് തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന് ലോക് അദാലത്ത് വ്യക്തമാക്കി. അനിൽകുമാറിന് അടിയന്തര കരൾമാറ്റ ശസ്ത്രക്രിയ ആവശ്യമായി വന്നതിനാൽ എംപാനൽ ആശുപത്രിയിൽ ചികിത്സ തേടാൻ സാധിച്ചിരുന്നില്ല.
ഈ കാരണത്താൽ സർക്കാരും സ്കീം നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും അപേക്ഷ തള്ളിയതിനെതിരെയാണ് അനിൽകുമാർ ലോക് അദാലത്തിനെ സമീപിച്ചത്. കേസിന്റെ വിചാരണ വേളയിൽ, ഡോക്ടർമാരുടെ മൊഴി നിർണ്ണായകമായി. കരൾമാറ്റ ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ടത് അത്യാവശ്യമായിരുന്നെന്നും, അല്ലെങ്കിൽ രോഗിയുടെ ജീവൻ അപകടത്തിലാകുമായിരുന്നെന്നും ഡോക്ടർമാർ മൊഴി നൽകി. ഈ മൊഴി പരിഗണിച്ചാണ് അദാലത്തിന്റെ വിധി.
അനിൽകുമാറിനുവേണ്ടി അഭിഭാഷകരായ എസ്. രഘുകുമാർ, പി. ബാബു, ത്രേയ ജെ. പിള്ള എന്നിവർ ഹാജരായി.