
അമ്മയെ നയിക്കാൻ ശ്വേതാ മേനോൻ എത്തുമോ ? ഇന്നറിയാം
താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഭരണസമിതി രാജിവെച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ നിർണായക തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ശ്വേതാ മേനോനും ദേവനും തമ്മിലാണ് പ്രധാന മത്സരം.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കുന്നു.ആരോപണങ്ങളെത്തുടർന്ന് ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിൻവലിച്ചിരുന്നു.
മത്സരാർത്ഥികൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശ്രദ്ധേയമാണ്. കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന പരാതിയും ഉയർന്നിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിന്റെ ഫലം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന.