
പോലീസ് നവീകരണത്തിന് 46.6 കോടിയുടെ ഭരണാനുമതി; സൈബർ സുരക്ഷയ്ക്കും ഫോറൻസിക് മികവിനും മുൻഗണന
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയെ അടിമുടി നവീകരിക്കുന്നതിനും കുറ്റാന്വേഷണ രംഗത്ത് ആധുനികവൽക്കരണം നടപ്പിലാക്കുന്നതിനുമായി 2025-26 സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകി. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം 46.6 കോടിയുടെ സമഗ്ര പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. സൈബർ കുറ്റാന്വേഷണം, ശാസ്ത്രീയ തെളിവ് ശേഖരണം, ട്രാഫിക് പരിഷ്കരണം, ജനമൈത്രി പദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പുതിയ വാർഷിക കർമ്മ പദ്ധതി.
സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച വിശദമായ നിർദ്ദേശങ്ങൾ വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇതിന്റെ ഭാഗമായി സൈബർഡോം, സൈബർ സുരക്ഷാ കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 2.84 കോടി രൂപയും, സൈബർ കുറ്റാന്വേഷണ മികവ് വർധിപ്പിക്കുന്നതിനായി 1.70 കോടിയും വകയിരുത്തി. Artificial Intelligence സാധ്യതകൾ പോലീസ് സേനയിൽ പ്രയോജനപ്പെടുത്തുന്നതിനായി 1.63 കോടിയുടെ പദ്ധതികളും നടപ്പിലാക്കും. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്റ്റംസ് (CCTNS) പദ്ധതിക്കായി 2.70 കോടിയും അനുവദിച്ചിട്ടുണ്ട്.
കുറ്റാന്വേഷണ രംഗത്ത് ശാസ്ത്രീയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 4.41 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ നവീകരണം, പുതിയ ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ വാങ്ങുന്നതിനും, ഫിംഗർ പ്രിന്റ് ബ്യൂറോ, സ്റ്റേറ്റ് ഫോട്ടോഗ്രാഫിക് ബ്യൂറോ എന്നിവയുടെ ആധുനികവൽക്കരണത്തിനും ഈ തുക വിനിയോഗിക്കും. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിഭവങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി 296 ലക്ഷം രൂപയും അനുവദിച്ചു. ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ക്രൈം സീൻ മാനേജ്മെന്റിനും തെളിവ് ശേഖരണത്തിനുമുള്ള ആധുനിക ഉപകരണങ്ങൾ എന്നിവ പോലീസ് സ്റ്റേഷനുകൾക്ക് ലഭ്യമാക്കും.
ജനങ്ങളുമായി പോലീസിന് അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള ജനമൈത്രി സുരക്ഷാ പദ്ധതികൾ വിപുലീകരിക്കുന്നതിനായി 280 ലക്ഷം രൂപയും സർക്കാർ വകയിരുത്തി. പ്രശാന്തി സീനിയർ സിറ്റിസൺസ് ഹെൽപ്പ് ഡെസ്ക്, പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി, തീരദേശ ജാഗ്രതാ സമിതികൾ, ട്രൈബൽ ജനമൈത്രി, റെയിൽമൈത്രി തുടങ്ങിയ വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി നാർക്കോട്ടിക് സെല്ലുകൾ ശക്തിപ്പെടുത്തുന്നതിന് 97 ലക്ഷം രൂപയും അനുവദിച്ചു.
ഇവയ്ക്ക് പുറമെ, ട്രാഫിക് പരിഷ്കരണത്തിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി 180 ലക്ഷം രൂപ, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) എന്നിവയുടെ ശാക്തീകരണത്തിന് 148.34 ലക്ഷം രൂപ, സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ (EOW) പ്രവർത്തനങ്ങൾക്കായി 31 ലക്ഷം രൂപ, ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് 219.90 ലക്ഷം രൂപ എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്. ലിംഗ സൗഹൃദപരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ലിംഗ അവബോധന പദ്ധതികൾക്കുമായി 504.24 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതിയും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ കേരള പോലീസിന്റെ കാര്യക്ഷമതയും ജനസേവന മികവും പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.