NewsPolitics

വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല; വിമർശിച്ച നേതാവിന് സസ്പെൻഷൻ

പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ച സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട രണ്ട് നേതാക്കൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഏറെ നാളായി ജില്ലയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് ഈ സംഭവങ്ങൾ.

സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന എൻ രാജീവിനെ തരംതാഴ്ത്തി വള്ളംകുളം ലോക്കൽ കമ്മിറ്റിയിലേക്ക് മാറ്റി. മന്ത്രി വീണാ ജോർജുമായി ഏറെ നാളായി അകൽച്ചയിലായിരുന്ന നേതാവാണ് ഇദ്ദേഹം. മുൻ പോക്‌സോ കേസ് അട്ടിമറി പരാതിയിൽ ഇദ്ദേഹത്തെ സി.ഡബ്ല്യു.സി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗമായ ജോൺസനാണ് നടപടി നേരിട്ട മറ്റൊരു നേതാവ്. ജോൺസനെ മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. “വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്…” എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെയും ജില്ലയിൽ മന്ത്രിക്ക് അമിത പരിഗണന ലഭിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന സമിതിയിൽ വീണാ ജോർജിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയപ്പോഴും മുതിർന്ന നേതാവായ എ. പത്മകുമാർ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.