News

പി. രാജീവ് 12 മിനിട്ട് പ്രസംഗിക്കും; ടൈംസ് ഓഫ് ഇന്ത്യയുടെ വേൾഡ് ലീഡേഴ്സ് ഫോറത്തിന് 75 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: പ്രമുഖ മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ‘ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം’ എന്ന പരിപാടിക്ക് സ്പോൺസർഷിപ്പായി 75 ലക്ഷം രൂപയും 18% ജിഎസ്ടിയും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) വഴി പണം നൽകാനാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.

ഈ മാസം (ഓഗസ്റ്റ്) 22, 23 തീയതികളിൽ ന്യൂഡൽഹിയിലെ താജ് പാലസിൽ വെച്ചാണ് വേൾഡ് ലീഡേഴ്സ് ഫോറം നടക്കുന്നത്. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നത് കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ പണം അനുവദിക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്തിന്റെ വ്യാവസായിക മുഖച്ഛായ മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ, വേൾഡ് ലീഡേഴ്സ് ഫോറം പോലുള്ള ഒരു വേദി തന്ത്രപരവും പ്രശസ്തി വർദ്ധിപ്പിക്കുന്നതുമായ മൂല്യം നൽകുമെന്നാണ് കെഎസ്ഐഡിസി സർക്കാരിനെ അറിയിച്ചത്. അളക്കാവുന്ന തരത്തിലുള്ള നേട്ടങ്ങൾ നൽകുന്ന ഒരു ബ്രാൻഡിംഗ് പരിപാടിയാണിതെന്നും, ഇത് സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപ സാധ്യതകൾ കൊണ്ടുവരാൻ സഹായിക്കുമെന്നും കെഎസ്ഐഡിസിയുടെ കത്തിൽ പറയുന്നു.

സ്പോൺസർഷിപ്പിന് പകരമായി കേരളത്തിന് ലഭിക്കുന്ന നേട്ടങ്ങളും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പരിപാടിയിൽ വ്യവസായ മന്ത്രിക്ക് 12 മിനിറ്റ് മുഖ്യ പ്രഭാഷണം നടത്താൻ അവസരം ലഭിക്കും. ഇതിനുപുറമെ, ടൈംസ് ഓഫ് ഇന്ത്യയുടെ അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സമഗ്രമായ മാധ്യമ കവറേജ്, പരിപാടി നടക്കുന്ന വേദിയിൽ ബ്രാൻഡിംഗ്, വിഐപി ലോഞ്ചുകളിലേക്കുള്ള പ്രവേശനം എന്നിവയും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ പേരിലാണ് ഓഗസ്റ്റ് 13-ന് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് (G.O.(Rt)No.1062/2025/ID) പുറത്തിറങ്ങിയത്.