
തിരുവനന്തപുരം: കായിക വകുപ്പ് ലക്ഷങ്ങൾ മുടക്കി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ മിനി മാരത്തണിലെ വിജയികൾക്ക് മാസങ്ങള്‍ കഴിഞ്ഞും സമ്മാനത്തുക നൽകാതെ സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളിലുമായി 280 വിജയികൾക്ക് നൽകാനുള്ള 12.32 ലക്ഷം രൂപയാണ് സർക്കാർ നൽകാതെ വൈകിപ്പിക്കുന്നത്. സമ്മാനത്തുകയ്ക്കായി കായിക മന്ത്രിയുടെ ഓഫീസ് മുതൽ സ്പോർട്സ് കൗൺസിൽ വരെ കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് വിജയികൾ പരാതിപ്പെടുന്നു.
കഴിഞ്ഞ മേയ് മാസത്തിലാണ് കായികമന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കാസർകോടുനിന്ന് ലഹരി വിരുദ്ധ യാത്ര ആരംഭിച്ചത്. എല്ലാ ജില്ലകളിലും പുലർച്ചെ മിനി മാരത്തൺ സംഘടിപ്പിച്ചുകൊണ്ടായിരുന്നു യാത്രയുടെ പര്യടനം. കേരള സ്പോർട്സ് കൗൺസിലിനായിരുന്നു സംഘാടന ചുമതല. ദേശീയ താരങ്ങളടക്കം അണിനിരന്ന മത്സരത്തിലെ വിജയികൾക്ക് വേദിയിൽ വെച്ച് ട്രോഫിയും സമ്മാനത്തുകയുടെ മാതൃകാ ചെക്കും നൽകിയിരുന്നു.
പുരുഷ, വനിതാ വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപയും നാല് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് 2000 രൂപ വീതവുമായിരുന്നു സമ്മാനം. ഓരോ ജില്ലയിലും 20 വിജയികൾക്കായി 88,000 രൂപ വീതമാണ് നൽകേണ്ടിയിരുന്നത്. സമ്മാനത്തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് അറിയിച്ച് അധികൃതർ വിജയികളിൽ നിന്ന് അക്കൗണ്ട് വിവരങ്ങളും വാങ്ങിയിരുന്നു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല.
വിജയികൾ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ബന്ധപ്പെട്ടപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെടാനായിരുന്നു നിർദ്ദേശം. എന്നാൽ ജില്ലാ കൗൺസിലുകളിൽ അന്വേഷിക്കുമ്പോൾ, സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. “ഒരുപാട് കഷ്ടപ്പെട്ട് ഓടി നേടിയ സമ്മാനമാണ്. ഇതിനുവേണ്ടി ഇങ്ങനെ നടക്കേണ്ടി വരുന്നത് വലിയ വിഷമമുണ്ടാക്കുന്നു,” ഒരു വിജയി പറഞ്ഞു.
അതേസമയം, സമ്മാനത്തുകയുടെ കണക്ക് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അറിയിച്ചു. ലഹരിക്കെതിരെ യുവാക്കളെ അണിനിരത്താൻ നടത്തിയ ഒരു പരിപാടിയുടെ സമ്മാനത്തുക നൽകുന്നതിലെ ഈ കാലതാമസം, പരിപാടിയുടെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ശക്തമാണ്. പ്രാദേശിക തലത്തിൽ നശിക്കുന്ന കളിക്കളങ്ങളുടെ വീണ്ടെടുപ്പും യാത്രയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനവും എങ്ങുമെത്തിയിട്ടില്ല.