Kerala Government NewsNews

ശുചിമുറി നവീകരിക്കാൻ 9.52 ലക്ഷം, ലൈഫ് മിഷൻ വീടിന് 4 ലക്ഷം

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ 4 ലക്ഷം രൂപ മാത്രം നൽകുമ്പോൾ, സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ശുചിമുറി നവീകരണത്തിന് 9.52 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്. ഈ മാസം 11-ന് പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിന് സമീപത്തെയും ധനകാര്യ വകുപ്പ് ഉൾപ്പെടുന്ന കെട്ടിടത്തിലെ താഴത്തെയും ശുചിമുറികളാണ് നവീകരിക്കുന്നത്. മരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ശുചിമുറി നവീകരണത്തിന് അനുവദിച്ച തുക, ലൈഫ് മിഷൻ വഴി ഒരു വീട് നിർമ്മിക്കുന്നതിനുള്ള തുകയുടെ ഇരട്ടിയിലധികമാണ്.
ഈ തുക ഇനിയും ഉയർന്നേക്കാമെന്നാണ് ലഭിക്കുന്ന സൂചന.

പാവപ്പെട്ടവർക്ക് വീട് വെക്കാൻ നൽകുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ശുചിമുറി നവീകരണത്തിന് ഇത്രയധികം തുക അനുവദിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.