
ചെലവ് 3.62 കോടി, വരവ് വട്ടപ്പൂജ്യം; കായിക ഉച്ചകോടിയിലെ 4500 കോടിയുടെ വാഗ്ദാനങ്ങൾ എവിടെ?
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിക ഭൂപടം മാറ്റിമറിക്കുമെന്ന പ്രഖ്യാപനത്തോടെ സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ രാജ്യാന്തര കായിക ഉച്ചകോടി (ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള – ISSK) വൻ പരാജയമെന്ന് കണക്കുകൾ.
2024 ജനുവരിയിൽ നാല് ദിവസങ്ങളിലായി തലസ്ഥാനത്ത് സംഘടിപ്പിച്ച മാമാങ്കത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 3.62 കോടി രൂപ ചെലവഴിച്ചപ്പോൾ, വാഗ്ദാനം ചെയ്യപ്പെട്ട 4500 കോടിയുടെ നിക്ഷേപമോ പതിനായിരം തൊഴിലവസരങ്ങളോ എങ്ങുമെത്താതെ പാഴ്‌വാക്കായി മാറി.
വൻ തുക ചെലവഴിച്ചെങ്കിലും സർക്കാരിന് ഒരു രൂപയുടെ പോലും വരുമാനം ഉച്ചകോടിയിലൂടെ ലഭിച്ചിട്ടില്ല. അർജന്റീനയെ കേരളത്തിൽ കളിപ്പിക്കുമെന്ന പ്രഖ്യാപനം പോലെ, കായിക ഉച്ചകോടിയിലെ വാഗ്ദാനങ്ങളും വെള്ളത്തിൽ വരച്ച വരയായി തുടരുകയാണ്.
വിവാദമായ ധൂർത്തും ചെലവുകളും
സർക്കാരിന് പങ്കാളിത്തമുള്ള കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയായിരുന്നിട്ടും, വാടകയിനത്തിൽ മാത്രം സംഘാടകർ നൽകിയത് 40 ലക്ഷം രൂപയാണ്; അതായത് പ്രതിദിനം 10 ലക്ഷം രൂപ. ഉച്ചകോടിക്ക് കൊഴുപ്പേകാൻ നടത്തിയ കലാ-സാംസ്കാരിക പരിപാടികൾക്കായി 40 ലക്ഷം രൂപയും, വിശിഷ്ടാതിഥികൾക്കും പ്രതിനിധികൾക്കുമായുള്ള ഭക്ഷണത്തിനായി 32.10 ലക്ഷം രൂപയും ചെലവഴിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടിയുടെ ഭക്ഷണ കരാർ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നാടായ മലപ്പുറത്തുള്ള കാറ്ററിംഗ് സ്ഥാപനത്തിന് നൽകിയത് അന്നുതന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇവന്റ് മാനേജ്മെൻ്റ് കമ്പനിയെ പൂർണ്ണമായി ഏൽപ്പിച്ചായിരുന്നു സംഘാടനം. തട്ടിക്കൂട്ട് ടെൻഡറുകളിലൂടെ വേണ്ടപ്പെട്ടവർക്ക് കരാറുകൾ വീതം വെച്ച് നൽകിയെന്ന ഗുരുതരമായ ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉന്നയിച്ചിരുന്നു. മാധ്യമ പ്രചാരണത്തിനായി 76 ലക്ഷം, യാത്രകൾക്ക് 37.5 ലക്ഷം, അതിഥികളുടെ താമസത്തിന് 20 ലക്ഷം എന്നിങ്ങനെ കോടികളാണ് പലവഴിക്കും ഒഴുകിപ്പോയത്.
വാഗ്ദാനപ്പെരുമഴ, യാഥാർത്ഥ്യമോ ശൂന്യം
സംസ്ഥാനത്ത് ഒരു പുതിയ കായിക സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്തുമെന്നായിരുന്നു ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമായി സർക്കാർ പറഞ്ഞത്. സമാപന സമ്മേളനത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ചത് 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും ഒരു വർഷത്തിനകം കായിക മേഖലയിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോഴും ഒരൊറ്റ തൊഴിലവസരം പോലും സൃഷ്ടിച്ചതായി സർക്കാർ അവകാശപ്പെടുന്നില്ല. ഐഎഫ്എഫ്കെയുടെ മാതൃകയിൽ എല്ലാ വർഷവും കായിക ഉച്ചകോടി നടത്തുമെന്ന പ്രഖ്യാപനവും വിസ്മൃതിയിലായി.
ചുവപ്പുനാടയിൽ കുരുങ്ങിയ പദ്ധതികൾ
ഉച്ചകോടിയിലെ മുഖ്യ ആകർഷണമായി പ്രഖ്യാപിക്കപ്പെട്ടത് നെടുമ്പാശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) 750 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന രാജ്യാന്തര സ്റ്റേഡിയമായിരുന്നു. ബിസിസിഐയുടെ സഹകരണത്തോടെയുള്ള ഈ പദ്ധതിക്കായി കെസിഎ സ്ഥലം കണ്ടെത്തിയെങ്കിലും, സർക്കാർ തലത്തിലുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഉച്ചകോടിയിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് 100 ദിവസത്തിനകം അനുമതി നൽകുമെന്ന വാഗ്ദാനം നിലനിൽക്കെയാണിത്.
ഇതുകൂടാതെ, സ്വകാര്യ പങ്കാളിത്തത്തോടെ എട്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ, വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പേരിൽ പ്രഖ്യാപിച്ച 1400 കോടിയുടെ കായിക നിക്ഷേപം, 50 കോടിയുടെ കായിക ഉപകരണ നിർമ്മാണ ഫാക്ടറി, ടെന്നീസ് ലീഗ് തുടങ്ങിയ പ്രഖ്യാപനങ്ങളും കടലാസിൽ ഒതുങ്ങി.
കായിക ഉച്ചകോടിയുടെ പ്രധാന ചെലവുകൾ:
- വേദിയുടെ വാടക: 40 ലക്ഷം
- ഭക്ഷണം: 32.10 ലക്ഷം
- യാത്ര: 37.5 ലക്ഷം
- താമസം: 20 ലക്ഷം
- കലാ–സാംസ്കാരിക പരിപാടികൾ: 40 ലക്ഷം
- മാധ്യമ പ്രചാരണം: 76 ലക്ഷം
- റോഡ് ഷോ: 29 ലക്ഷം
- ഡിജിറ്റൽ, ഓൺലൈൻ കവറേജ്: 38.44 ലക്ഷം
- ഇവന്റ് കിറ്റ്, സുവനീർ, മെമന്റോ: 22.25 ലക്ഷം
- കൺസൽറ്റൻസി: 7 ലക്ഷം
- ആകെ: 3,61,75,000 രൂപ