
ബലാത്സംഗ കേസ്: റാപ്പർ വേടൻ വിദേശത്തേക്ക് കടന്നേക്കും; പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി
കൊച്ചി: യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസിന്റെ ഈ നിർണായക നീക്കം. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാൻ ശ്രമിച്ചാൽ വേടനെ കസ്റ്റഡിയിലെടുക്കാൻ സാധിക്കും.
കേസിൽ ഒളിവിൽ പോയതോടെ, കഴിഞ്ഞ ദിവസം കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന ‘ഓളം ലൈവ്’ എന്ന സംഗീത പരിപാടിയിൽ നിന്ന് വേടൻ പിന്മാറിയിരുന്നു. പരിപാടിക്കെത്തിയാൽ വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ പദ്ധതി.
അതേസമയം, മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
ലഹരി നൽകി പലതവണ പീഡനം
കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പലതവണ പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. 2023 ജൂലൈ മുതൽ വേടൻ തന്നെ ഒഴിവാക്കാൻ തുടങ്ങിയെന്നും ഇത് മാനസികമായി തകർത്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ പോലീസിന് കൈമാറിയിട്ടുണ്ട്. ഈ സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.