Kerala Government NewsNews

മെഡിസെപ്പ് പ്രീമിയം വീണ്ടും കൂടും; രണ്ടാം വർഷം 1000 രൂപ വരെയാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്പ്’ (MEDISEP) പ്രീമിയം തുക വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ആദ്യവർഷം 750 രൂപയാണ് പ്രതിമാസ പ്രീമിയം. രണ്ടാം വർഷം പ്രതിമാസ പ്രീമിയം തുക 800 രൂപ മുതൽ 1000 രൂപ വരെയായി ഉയർത്തുമെന്നാണ് സൂചന. ഈ വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തത വരുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

മെഡിസെപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രതിമാസ പ്രീമിയം 500 രൂപയായിരിന്നു.എന്നാൽ, രണ്ടാം ഘട്ടത്തിൽ പ്രീമിയം 750 രൂപയായി ഉയർത്തുകയായിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഈ വർദ്ധനവ് മറച്ചുവെച്ചത് വിവാദമായിരുന്നു. മാധ്യമങ്ങൾ ഈ വിവരം പുറത്തുകൊണ്ടുവന്നതോടെയാണ് ധനമന്ത്രി തുക സ്ഥിരീകരിച്ചത്.

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ ടെൻഡറിൽ പങ്കെടുക്കുന്ന ഇൻഷുറൻസ് കമ്പനികളുടെ ക്വട്ടേഷനനുസരിച്ച് പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രീമിയം രണ്ടാം ഘട്ടത്തിലെ രണ്ടാം വർഷം 1000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മെഡിസെപ്പ് നിർബന്ധിത പദ്ധതിയായി തുടരണമെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിട്ടുള്ളത്. താൽപര്യമുള്ളവർക്ക് മാത്രം ചേരാൻ അവസരം നൽകണമെന്ന കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ആവശ്യം ധനമന്ത്രി തള്ളിയിരുന്നു. കൂടാതെ, പെൻഷൻകാർക്ക് വേണ്ടിയുള്ള മെഡിസെപ്പ് പോലൊരു പദ്ധതി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, പ്രീമിയം വർദ്ധിപ്പിക്കാനുള്ള നീക്കം ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.