News

എംപിമാർ സഞ്ചരിച്ച എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി; ഒരു മണിക്കൂർ വട്ടമിട്ടു പറന്നു

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തരമായി ഇറക്കി. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നീ എംപിമാർ ഉൾപ്പെടെയുള്ള യാത്രക്കാരുമായി പോയ എഐസി 2455 വിമാനമാണ് ഞായറാഴ്ച രാത്രി സുരക്ഷിതമായി ലാൻഡ് ചെയ്തത്.

പറന്നുയർന്നതിന് ശേഷം വിമാനത്തിന്റെ വെതർ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. ഇതോടെ പൈലറ്റ് ചെന്നൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടി.

ദീർഘദൂര യാത്രയ്ക്കായി നിറച്ച ഇന്ധനത്തിന്റെ അളവ് കുറച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി, വിമാനം ഏകദേശം ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടു പറന്നു. തുടർന്നാണ് വിമാനം റൺവേയിൽ ഇറക്കിയത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വിമാനം ഡൽഹിയിലേക്കുള്ള യാത്ര തുടരും.