Cinema

അബ്ബാസ് മുതൽ കമൽഹാസൻ വരെ; ‘അമ്മ’യുടെ വോട്ടർ പട്ടികയിലെ കൗതുകങ്ങൾ! ശാലിനിയും മധുവും ഷീലയും വോട്ട് ചെയ്യാനെത്തും.

അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ഈ മാസം 15-ന് നടക്കാനിരിക്കുകയാണ്. എന്നാൽ, തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ചർച്ചയാവുന്നത് അമ്മയുടെ വോട്ടർ പട്ടികയാണ്. തമിഴ് താരം അബ്ബാസ് ആണ് വോട്ടർ പട്ടികയിലെ ആദ്യ പേര്.

ബോളിവുഡ് താരം തബുവും തമിഴ് താരങ്ങളായ നെപ്പോളിയൻ, പാർത്ഥിപൻ, തലൈവാസൽ വിജയ് എന്നിവരും മലയാള സിനിമയിൽ ഒരു സിനിമയിൽ മാത്രം അഭിനയിച്ച ഗായിക വസുന്ധര ദാസുമെല്ലാം അമ്മയിലെ അംഗങ്ങളാണ്.

അതുപോലെ, സംഘടനയിലെ എംഎൽഎമാരുടെ എണ്ണം മൂന്നാണ്, മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം. മുകേഷ്, പാലാ എം.എൽ.എ. മാണി സി. കാപ്പൻ. അടുത്തിടെ വിശിഷ്ടാംഗത്വം ലഭിച്ച കമൽഹാസനും താൽപര്യമുണ്ടെങ്കിൽ വോട്ട് ചെയ്യാം. സിനിമയിൽ വി.ആർ.എസ്. എടുത്തിട്ട് വർഷങ്ങളായെങ്കിലും ശാലിനി അജിത്തിനെപ്പോലുള്ള താരങ്ങൾ ഇപ്പോഴും വോട്ടർ പട്ടികയിലുണ്ട്. മുതിർന്ന താരങ്ങളായ മധുവും ഷീലയും കാരണവർ സ്ഥാനത്ത് തന്നെ വോട്ടർ പട്ടികയിലുമുണ്ട്.

മമ്മൂട്ടിയായ മുഹമ്മദ് കുട്ടി, കവിതാ നായരായ ഉർവശി, ദിവ്യ വെങ്കട്ട് രാമനായ കനിഹ, സിബി വർഗീസായ കൈലാഷ്, ബ്രൈറ്റി ബാലചന്ദ്രനായ മൈഥിലി എന്നിങ്ങനെ സിനിമയ്ക്കായി പേര് മാറ്റിയ താരങ്ങളുടെ നീണ്ട നിരയും വോട്ടർ പട്ടികയിലെ മറ്റൊരു കൗതുകമാണ്.