
ചരിത്രമെഴുതാൻ ഐഎസ്ആർഒ; അമേരിക്കയുടെ ഭീമൻ ഉപഗ്രഹം വിക്ഷേപിക്കുന്നത് ഇന്ത്യ
ചെന്നൈ: ഒരു കാലത്ത് വിക്ഷേപണത്തിനായി അമേരിക്ക നൽകിയ റോക്കറ്റിനായി കാത്തുനിന്ന ഇന്ത്യ, ഇന്ന് അമേരിക്കയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്ക നിർമ്മിച്ച 6,500 കിലോഗ്രാം ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹം ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ വളർച്ചയുടെ ഏറ്റവും വലിയ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെന്നൈക്ക് സമീപം കട്ടൻകുളത്തൂരിൽ നടന്ന എസ്ആർഎം സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ ജിഎസ്എൽവി-എഫ്16 റോക്കറ്റിൽ നാസ-ഇസ്രോ സംയുക്ത സംരംഭമായ നിസാർ (NISAR) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മറ്റൊരു ഉപഗ്രഹം കൂടി വിക്ഷേപിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്.
“1963-ൽ അമേരിക്ക സംഭാവന നൽകിയ ഒരു കുഞ്ഞൻ റോക്കറ്റിൽ നിന്നാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തുടക്കം. ഇന്ന്, അതേ അമേരിക്കയുടെ 6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നമ്മുടെ സ്വന്തം മണ്ണിൽ നിന്ന്, നമ്മുടെ സ്വന്തം വിക്ഷേപണ വാഹനം ഉപയോഗിച്ച് നമ്മൾ വിക്ഷേപിക്കാൻ പോകുന്നു. എത്ര മഹത്തായ വളർച്ചയാണിത്,” വി. നാരായണൻ പറഞ്ഞു.
50 വർഷം മുൻപ് ഉപഗ്രഹ സാങ്കേതികവിദ്യ പോലും ഇല്ലാതിരുന്ന ഒരു രാജ്യത്തുനിന്ന്, ഇന്ന് 34 രാജ്യങ്ങളുടെ 433 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച സ്ഥാപനമായി ഐഎസ്ആർഒ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിസാർ ദൗത്യത്തിന്റെ കൃത്യതയെ നാസയിലെ ശാസ്ത്രജ്ഞർ അഭിനന്ദിച്ചത് ഇന്ത്യൻ ശാസ്ത്ര സമൂഹത്തിനുള്ള വലിയ അംഗീകാരമാണെന്നും ചെയർമാൻ വ്യക്തമാക്കി.