
ന്യൂഡൽഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലെ പരാജയത്തിന് ശേഷം രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് അപ്രത്യക്ഷയായ സ്മൃതി ഇറാനി എവിടെയാണ്? ഉത്തരം ഒരുപക്ഷേ പലരെയും അത്ഭുതപ്പെടുത്തിയേക്കാം. രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി അകന്ന്, അക്കാദമിക് ലോകത്തും അഭിനയരംഗത്തും ഒരുപോലെ സജീവമായ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുകയാണ് അവർ.
ഒരു കാലത്ത് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘തുളസി’യായിരുന്നെങ്കിൽ, ഇന്നവർ അമേരിക്കയിലെ ബെർക്ക്ലി സർവകലാശാലയിലെ അധ്യാപികയും യുകെയിലെ ആർഡൻ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമാണ്.
ഏകദേശം 25 വർഷങ്ങൾക്ക് മുൻപ്, മെലിഞ്ഞ ഇരുപതുകളുകാരിയായ ഒരു യുവതി മുംബൈയിലെ ഒരു പ്രൊഡക്ഷൻ ഹൗസിലേക്ക് ഓഡിഷനായി കടന്നുവന്നപ്പോൾ, സഹതാരമായിരുന്ന അപരാ മേത്തയുടെ കണ്ണിൽപ്പെട്ടത് അവളുടെ സൗന്ദര്യം മാത്രമല്ല, കയ്യിലിരുന്ന പുസ്തകം കൂടിയായിരുന്നു. വർഷങ്ങൾക്കിപ്പുറം, ‘ക്യൂങ്കി സാസ് ഭി കഭി ബഹു തി’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് സീരിയലിലൂടെ സ്മൃതി ഇറാനി ഇന്ത്യൻ ടെലിവിഷനിലെ ഇതിഹാസമായി മാറിയപ്പോഴും, ഷോട്ടുകൾക്കിടയിലെ ഇടവേളകളിൽ പുസ്തകങ്ങളായിരുന്നു അവരുടെ കൂട്ട്.
വിവാദങ്ങളിൽ നിന്ന് അക്കാദമിക് ലോകത്തേക്ക്
2014-ൽ ഒരു ടെലിവിഷൻ താരത്തിൽ നിന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയിലേക്കുള്ള സ്മൃതിയുടെ വളർച്ച വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾക്ക് എങ്ങനെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകാൻ കഴിയുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു. 2004-ലെയും 2014-ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അവർ തെറ്റായ വിവരങ്ങൾ നൽകിയെന്നും ആരോപണങ്ങളുണ്ടായി. തനിക്ക് യേൽ സർവകലാശാലയിൽ നിന്ന് ബിരുദമുണ്ടെന്ന് പറഞ്ഞുകൊണ്ട് സ്മൃതി തിരിച്ചടിച്ചെങ്കിലും, അത് കൂടുതൽ പരിഹാസങ്ങൾക്ക് കാരണമായി.
എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം, 2024-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം, ആ പഴയ വിമർശനങ്ങൾക്ക് പ്രവർത്തിയിലൂടെ മറുപടി നൽകുകയാണ് സ്മൃതി ഇറാനി. അവരുടെ ഇപ്പോഴത്തെ ജീവിതം ഒരു അക്കാദമിക് പണ്ഡിതയുടേതിന് സമാനമാണ്. കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്ലിയിൽ ഫിൻടെക്കിന്റെ സാമൂഹിക സ്വാധീനത്തെക്കുറിച്ച് അവർ ക്ലാസെടുക്കുന്നു.
യുകെയിലെ ആർഡൻ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സ്മൃതി, ആരോഗ്യ നിരീക്ഷണത്തിലാണ് ഗവേഷണം നടത്തുന്നത്. ഇതിനെല്ലാം പുറമെ, അന്താരാഷ്ട്ര വേദികളിൽ പ്രഭാഷണങ്ങൾ നടത്തുകയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ജനാധിപത്യവൽക്കരണത്തെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ എഴുതുകയും, യുവ ഗവേഷകർക്ക് ഗേറ്റ്സ് ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് നേടാൻ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം, ചൈനീസ് ഭാഷയായ മന്ദാരിൻ പഠിക്കാനും അവർ സമയം കണ്ടെത്തുന്നു.
അഭിനയവും രാഷ്ട്രീയവും കൈവിടാതെ
അക്കാദമിക് തിരക്കുകൾക്കിടയിലും, തന്റെ പഴയ തട്ടകമായ അഭിനയത്തിലേക്കും സ്മൃതി മടങ്ങിയെത്തിയിട്ടുണ്ട്. ‘ക്യൂങ്കി…’ സീരിയൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചപ്പോൾ ‘തുളസി’യായി അവർ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. രാഷ്ട്രീയവും അവർ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി പ്രവർത്തകരും എംപിമാരും ഉപദേശം തേടി ഇപ്പോഴും അവരെ സമീപിക്കുന്നു. സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ഉപദേശങ്ങൾ നൽകുന്ന സ്മൃതി, രാഷ്ട്രീയത്തിൽ ഇപ്പോഴും തനിക്ക് മൂർച്ച നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്നു.
2019-ൽ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ‘ജയന്റ് സ്ലെയർ’ എന്ന പേര് നേടിയ സ്മൃതി, 2024-ൽ അതേ മണ്ഡലത്തിൽ ഒരു സാധാരണ പ്രവർത്തകനോട് പരാജയപ്പെട്ടു. ഒരുപക്ഷേ, കോൺഗ്രസ് പതിറ്റാണ്ടുകളായി അക്കാദമിക് വിദഗ്ദ്ധരെയും കലാകാരന്മാരെയും ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത ബൗദ്ധിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ ഒന്ന് ബിജെപിക്ക് വേണ്ടി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരിക്കാം സ്മൃതി ഇറാനി ഇപ്പോൾ. സഹതാരം അമർ ഉപാധ്യായ പറഞ്ഞതുപോലെ, “തുളസി രാഷ്ട്രീയത്തിന് പുറത്തായിരുന്നില്ല, തുളസി തന്നെയായിരുന്നു രാഷ്ട്രീയം.” ഇന്ന്, ആ രാഷ്ട്രീയം കൂടുതൽ ബൗദ്ധികവും ആഴമേറിയതുമായ തലങ്ങളിലേക്ക് കടക്കുകയാണ്.