
കേരളത്തിന് എയിംസ് ഉടൻ ഇല്ല; നിർദ്ദേശം നിലവിലെ ഘട്ടത്തിൽ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ, പകരം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ
ന്യൂഡൽഹി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (PMSSY) നിലവിലെ ഘട്ടത്തിൽ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ.
കേരളത്തിന്റെ എയിംസ് എന്ന ദീർഘകാല ആവശ്യത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ നാല് സ്ഥലങ്ങൾ നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്ക്, കോട്ടയം, എറണാകുളം എന്നിവയായിരുന്നു ഈ സ്ഥലങ്ങൾ.
എന്നാൽ, പിഎംഎസ്എസ്വൈ പദ്ധതിയുടെ നിലവിലെ ഘട്ടത്തിൽ ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘട്ടംഘട്ടമായാണ് എയിംസ് സ്ഥാപിക്കുന്നതെന്നും, ഇതുവരെ 22 എയിംസുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
അതേസമയം, കേരളത്തിലെ ആരോഗ്യമേഖലയിലെ തൃതീയ പരിചരണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മറ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. പിഎംഎസ്എസ്വൈ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ (SSBs) നിർമ്മിക്കുന്നതിന് അംഗീകാരം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലും (SCTIMST) സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ച് നവീകരിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.